19.4 C
Saudi Arabia
Sunday, March 22, 2026
spot_img

ദേശീയ സുരക്ഷ ‘റെഡ് ലൈൻ’; യെമനിലെ യുഎഇ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് സൗദി അറേബ്യ

റിയാദ്: യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിൽ സേനയ്ക്ക് മേൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ചെലുത്തുന്ന സമ്മർദ്ദത്തിലും അതിന്റെ ഫലമായി സൗദി അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നടക്കുന്ന സൈനിക നീക്കങ്ങളിലും സൗദി അറേബ്യ ശക്തമായ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തി. രാജ്യത്തിന്റെ ദേശീയ സുരക്ഷ എന്നത് മറികടക്കാൻ പാടില്ലാത്ത ചുവപ്പ് രേഖയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

യെമനിലെ കിഴക്കൻ ഗവർണറേറ്റുകളായ ഹളർമൗത്ത്, അൽ-മഹ്‌റ എന്നിവിടങ്ങളിൽ എസ്.ടി.സി സേന നടത്തുന്ന ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ സൗദിയുടെ അതിർത്തി സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിയാദ് വിലയിരുത്തുന്നു. യുഎഇയുടെ പിന്തുണയോടെയാണ് ഈ നീക്കങ്ങളെന്നാണ് സൗദിയുടെ ആരോപണം.

യെമനിൽ നിന്ന് തങ്ങളുടെ സൈനികരെ 24 മണിക്കൂറിനുള്ളിൽ പൂർണ്ണമായും പിൻവലിക്കണമെന്ന യെമൻ പ്രസിഡൻഷ്യൽ കൗൺസിലിന്റെ ആവശ്യം യുഎഇ അംഗീകരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. കൂടാതെ, യെമനിലെ ഒരു വിഭാഗത്തിനും സാമ്പത്തികമോ സൈനികമോ ആയ പിന്തുണ നൽകുന്നത് നിർത്തണമെന്നും സൗദി നിർദ്ദേശിച്ചു.

യുഎഇയുടെ നിലവിലെ നടപടികൾ ‘അത്യന്തം അപകടകരമാണ്’ . യെമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച അറബ് സഖ്യസേനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കങ്ങളെന്നും സൗദി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും നേരിടാൻ സൗദി അറേബ്യ മടിക്കില്ല. സുരക്ഷാ ഭീഷണികളെ ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. യെമനിലെ പ്രശ്നങ്ങൾക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ഇതിനായി എസ്.ടി.സി ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ചർച്ചകളിൽ പങ്കാളികളാകണമെന്നും സൗദി വ്യക്തമാക്കി.

വർഷങ്ങളായി യെമനിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ പരസ്യമായ അഭിപ്രായവ്യത്യാസമായാണ് ഈ പ്രസ്താവനയെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles