27.9 C
Saudi Arabia
Friday, April 3, 2026
spot_img

സ്മാർട്ട് സിറ്റി പട്ടികയിൽ സൗദി അറേബ്യയുടെ വൻ മുന്നേറ്റം; റിയാദ് 24-ാം സ്ഥാനത്ത്, എട്ട് നഗരങ്ങൾ പട്ടികയിൽ

റിയാദ്: ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും ജീവിതനിലവാരത്തിലും ലോകത്തെ മുൻനിര നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 2026-ലെ ഐഎംഡി (IMD) സ്മാർട്ട് സിറ്റി ഇൻഡക്സിൽ സൗദി അറേബ്യയിലെ എട്ട് നഗരങ്ങൾ ഇടംപിടിച്ചു. സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞ വർഷത്തെ 27-ാം സ്ഥാനത്തുനിന്നും 24-ാം സ്ഥാനത്തേക്ക് ഉയർന്ന് രാജ്യത്തെ നഗരങ്ങളിൽ ഒന്നാമതെത്തി. റിയാദിന് പുറമെ മക്ക (50), ജിദ്ദ (55), അൽ-ഖോബാർ (64), മദീന (67) എന്നീ നഗരങ്ങളും പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. വിനോദസഞ്ചാര-വികസന മേഖലകളിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന അൽ-ഉല നഗരം 112-ാം സ്ഥാനത്തുനിന്നും 85-ാം സ്ഥാനത്തേക്ക് ഉയർന്നു എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായി ഹായിൽ (33), ഹഫർ അൽ-ബാത്തിൻ (100) എന്നീ നഗരങ്ങളെയും സ്മാർട്ട് സിറ്റി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തനവും നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. ലോകമെമ്പാടുമുള്ള 148 നഗരങ്ങളെയാണ് സൂചികയ്ക്കായി പരിഗണിച്ചത്. നഗരങ്ങളിലെ ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സുരക്ഷ, ഗതാഗത സൗകര്യങ്ങൾ, സുസ്ഥിര വികസനം എന്നിവയിൽ ജനങ്ങൾക്കുള്ള സംതൃപ്തി കൂടി കണക്കിലെടുത്താണ് റാങ്കിങ് നിശ്ചയിക്കുന്നത്. 2026 ‘നിർമ്മിത ബുദ്ധി വർഷമായി’ സൗദി അറേബ്യ ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം, ആഗോളതലത്തിൽ സ്മാർട്ട് സിറ്റികളുടെ ഹബ്ബായി മാറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് കരുത്തേകും.

 

Related Articles

- Advertisement -spot_img

Latest Articles