ഇരിട്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇരിട്ടി: കണ്ണൂർ ഇരിട്ടി-മട്ടന്നൂർ റോഡിൽ ഉളിയിൽ നരയമ്പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ഈ ദാരുണമായ അപകടം നടന്നത്. ബംഗളൂരു ഭാഗത്തുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്‍ലീം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് നരയമ്പാറ പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കും തസ്‍ലീമും റോഡരികിലെ ഓവുചാലിലേക്ക് വീഴുകയും ഉടൻ തന്നെ വാഹനത്തിന് തീപിടിക്കുകയും ചെയ്തു. ബൈക്കിന്റെ അടിയിൽ അകപ്പെട്ട യുവാവിന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല.

പൂർണമായും കത്തിയ ബൈക്കിനടിയിൽ അകപ്പെട്ട തസ്‍ലീമിനെ നാട്ടുകാർ ഓടിയെത്തി പുറത്തെടുക്കുമ്പോഴേക്കും അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles