34.7 C
Saudi Arabia
Friday, May 1, 2026
spot_img

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിനിയായ ആര്യമോൾ (26) ആണ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യ, വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഏകദേശം ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്.

വെള്ളത്തിൽ കാണപ്പെടുന്ന ‘അക്കാന്തമീബ’, ‘നെഗ്ലേറിയ ഫൗളേറി’ എന്നീ സൂക്ഷ്മജീവികൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നതാണ് ഈ മാരക രോഗത്തിന് കാരണം. അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽ കുളങ്ങൾ എന്നിവയിൽ ഈ അമീബകൾ സജീവമാകാൻ സാധ്യതയുണ്ട്. തീവ്രമായ പനി, തലവേദന, ഛർദ്ദി, കഴുത്ത് വേദന, വെളിച്ചം കാണാനുള്ള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ സ്ഥിതി അതിവേഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നിശ്ചലമായ ജലാശയങ്ങളിൽ കുളിക്കുന്നതും മുങ്ങുന്നതും പരമാവധി ഒഴിവാക്കുക, നീന്തുമ്പോൾ മൂക്കിൽ വെള്ളം കയറാത്ത രീതിയിൽ നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക, ജലവിതരണ ടാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കുക തുടങ്ങിയവ നിർബന്ധമായും പാലിക്കണം. നീന്തൽക്കുളങ്ങളിലും വാട്ടർ തീം പാർക്കുകളിലും കൃത്യമായ തോതിൽ ക്ലോറിനേഷൻ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വ്രണങ്ങളുള്ളവർ ശുദ്ധി വരുത്താത്ത വെള്ളം ഉപയോഗിച്ച് മുറിവുകൾ കഴുകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles