വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റ് സായുധ സേനാ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ചും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ആറ് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങളാണ് കമ്മിറ്റിയിൽ നടന്നത്. ഇറാൻ്റെ നാവിക-വ്യോമസേനകളെ അമേരിക്കൻ സൈന്യം പൂർണ്ണമായും തകർത്തുവെന്നും ചരിത്രപരമായ വിജയമാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ഹെഗ്‌സെത്ത് അവകാശപ്പെട്ടു. അമേരിക്കയുടെ ഈ നീക്കം ലോകത്തിന് തന്നെ ലഭിച്ച ഒരു ‘സമ്മാനമാണെന്നും’ ഇറാൻ്റെ ആണവ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഹെഗ്‌സെത്തിന്റെ അവകാശവാദങ്ങൾ ‘അത്യന്തം അപകടകരമായ അതിശയോക്തിയാണെന്ന്’ ഡെമോക്രാറ്റിക് സെനറ്റർമാർ ആഞ്ഞടിച്ചു. സെനറ്റ് കമ്മിറ്റിയിലെ മുതിർന്ന അംഗം ജാക്ക് റീഡ് ഹെഗ്‌സെത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇറാൻ്റെ സൈനിക ശക്തി തകർന്നുവെന്ന വാദം തെറ്റാണെന്നും, അവർ ഇപ്പോഴും മിസൈൽ പ്രഹരശേഷി നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 126 ഡോളർ വരെ ഉയർന്നതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും അമേരിക്കൻ ജനതയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ ഒരു ‘എക്സിറ്റ് പ്ലാൻ’ സർക്കാരിന്റെ പക്കലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
യുദ്ധത്തിനായി ഇതുവരെ 25 ബില്യൺ ഡോളർ ചെലവായതായാണ് പെന്റഗൺ ഔദ്യോഗികമായി അറിയിച്ചതെങ്കിലും യഥാർത്ഥ കണക്ക് 50 ബില്യൺ ഡോളറിന് മുകളിൽ വരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാവുന്ന 60 ദിവസത്തെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, നിലവിലെ വെടിനിർത്തൽ കാരണം ഈ സമയപരിധി ‘പോസ്’ (Pause) ചെയ്യപ്പെട്ടിരിക്കുകയാണെന്ന വിചിത്രമായ വാദമാണ് ഹെഗ്‌സെത്ത് ഉന്നയിച്ചത്. ഇതിനെതിരെ ഭരണഘടനാ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഹെഗ്‌സെത്തിന്റെ പ്രസംഗത്തിനിടെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പ്രതിഷേധക്കാർ കമ്മിറ്റി റൂമിൽ ബഹളം വെച്ചതും നാടകീയ രംഗങ്ങൾക്ക് കാരണമായി.



