ചൈനയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം: 26 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഷി ജിൻപിങ്

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു. 61 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:40 ഓടെ ലിയുയാങ് പട്ടണത്തിലെ ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ് ആൻഡ് ഡിസ്പ്ലേ’ എന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരേക്ക് ചിതറുകയും ചെയ്തു. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാരെ സുരക്ഷാ കാരണങ്ങളാൽ അധികൃതർ ഒഴിപ്പിച്ചു. ഏകദേശം 500 ഓളം രക്ഷാപ്രവർത്തകരും പ്രത്യേക രക്ഷാ റോബോട്ടുകളും സ്ഥലത്തെത്തി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഫാക്ടറിയുടെ ചുമതലയുള്ള വ്യക്തിയെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോകത്തിലെ പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായ ലിയുയാങ്ങിലെ ഈ അപകടത്തെത്തുടർന്ന് മേഖലയിലെ മറ്റ് നിർമ്മാണശാലകൾക്കും സുരക്ഷാ പരിശോധനകൾക്കായി താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles