ഹഫർ അൽ ബത്തീൻ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിൽ ഹഫർ അൽ ബത്തീനിലെ പ്രവാസി സംഘടനകൾ വിജയാഘോഷം സംഘടിപ്പിച്ചു. ഒഐസിസിയും കെഎംസിസിയും സംയുക്തമായാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പ്രവർത്തകരും സംഘടനാ അംഗങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ബാബ മഞ്ചേശ്വരം, വിബിൻ മറ്റത്ത്, ഫൈസൽ മാസ്റ്റർ, സൈഫുദ്ധീൻ പള്ളിമുക്ക്, സലീം കീരിക്കാട്, സലാം മാസ്റ്റർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യുഡിഎഫിന്റെ ഈ വിജയം ജനാധിപത്യത്തിന്റെ ശക്തമായ പ്രതിഫലനമാണെന്നും കേരളത്തിലെ ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാ പ്രവർത്തകരെയും അഭിനന്ദിച്ച നേതാക്കൾ, വിജയിച്ച ജനപ്രതിനിധികൾക്ക് ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.
ജനപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും പ്രവാസി സമൂഹം നൽകുന്ന പിന്തുണയുടെ അടയാളമാണ് ഈ ആഘോഷമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദിനത്തിൽ ഹഫർ അൽ ബത്തീനിൽ വൻ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അവർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ഐക്യം വിളംബരം ചെയ്ത ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും യുഡിഎഫ് പ്രവാസി ഘടകം നന്ദി രേഖപ്പെടുത്തി.



