ബെയ്‌റൂത്ത് : ലെബനനിൽ വെടിനിർത്തൽ കരാർ നിലനിൽക്കെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ രണ്ട് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ യാത്ര ചെയ്യവേയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ലെബനനിലെ സിവിൽ ഡിഫൻസ് സംഘടന വെള്ളിയാഴ്ച അറിയിച്ചു. ഹിസ്ബുള്ളയുമായി ബന്ധമുള്ള ഇസ്ലാമിക് ഹെൽത്ത് കമ്മിറ്റിയിലെ ഒരു രക്ഷാപ്രവർത്തകൻ സമാനമായ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട് തൊട്ടടുത്ത ദിവസമാണ് വീണ്ടും ദാരുണമായ ഈ സംഭവം നടന്നത്.
യുദ്ധം ആരംഭിച്ച ശേഷം ലെബനനിലെ ആരോഗ്യ-രക്ഷാപ്രവർത്തന മേഖലകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ച് 2 മുതൽ ഇതുവരെ ഇത്തരത്തിലുള്ള 152 ആക്രമണങ്ങൾ നടന്നതായി ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ ഇതുവരെ 103 പേർ കൊല്ലപ്പെടുകയും 241 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ സേവന കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.



