തമിഴ്‌നാട്ടിൽ വിജയ് യുഗം; ഇടത് പിന്തുണയോടെ ‘മാജിക് നമ്പർ’ ഉറപ്പിച്ചു; ഇന്ന് വൈകീട്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും

ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന ‘മാജിക് നമ്പർ’ തികയ്ക്കാൻ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ഇടതുപാർട്ടികളുടെയും വി.സി.കെയുടെയും പിന്തുണ ലഭിച്ചതോടെയാണിത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ടി.വി.കെയ്ക്ക് നിലവിലുള്ള 107 എം.എൽ.എമാർക്ക് പുറമെ, അഞ്ച് കോൺഗ്രസ് എം.എൽ.എമാരും സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാർട്ടികളിലെ രണ്ട് വീതം അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന്റെ അംഗസംഖ്യ കൃത്യം 118-ൽ എത്തി. പിന്തുണയ്ക്കുന്ന കക്ഷികൾ ഇന്ന് സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞദിവസം 112 എം.എൽ.എമാരുടെ പിന്തുണയുമായി വിജയ് ഗവർണറെ കണ്ടിരുന്നെങ്കിലും, ഭൂരിപക്ഷം തികയാത്തതിനാൽ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഗവർണർ തിരിച്ചയച്ചിരുന്നു. 118 പേരുടെ പട്ടിക നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന ഗവർണറുടെ നിലപാടാണ് വിജയിയെ ചെറുകക്ഷികളുടെ പിന്തുണ തേടാൻ പ്രേരിപ്പിച്ചത്. വിജയിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയിട്ടുണ്ട്. വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) നേതാവ് തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം വിജയ് വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. ടി.വി.കെയ്ക്ക് പിന്തുണ നൽകാനുള്ള സി.പി.ഐ, സി.പി.എം, വി.സി.കെ കക്ഷികളുടെ തീരുമാനത്തെ പാർട്ടി നേതാവ് കാമരാജ് അഭിനന്ദിച്ചു.

അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയിയെ സത്യപ്രതിജ്ഞയ്ക്ക് വിളിക്കാത്ത സാഹചര്യത്തിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ സമാന്തര നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ 59 സീറ്റുകൾ നേടിയ ഡി.എം.കെയും 47 സീറ്റുകൾ നേടിയ എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള ധാരണകൾ ബി.ജെ.പി സഖ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ തട്ടി പരാജയപ്പെടുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഹകരിക്കൂ എന്ന് ഡി.എം.കെ നിലപാടെടുത്തതോടെ ആ നീക്കങ്ങൾ വഴിമുട്ടി. ഇതോടെയാണ് അപ്രതീക്ഷിത പിന്തുണയുമായി ഇടതുപക്ഷവും വി.സി.കെയും വിജയിക്ക് ഒപ്പം ചേർന്നത്. വിജയ് മുഖ്യമന്ത്രിയാകുന്നത് ഉറപ്പായതോടെ ചെന്നൈയിലെ ടി.വി.കെ ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ വലിയ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles