ഇറാനിയൻ ഡ്രോൺ നിർമ്മാണത്തിന് ചൈനീസ് സഹായം; 10 കമ്പനികൾക്കും വ്യക്തികൾക്കും മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടൺ ഡി.സി: ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ആയുധങ്ങളും ഡ്രോൺ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ശേഖരിക്കാൻ സഹായിച്ച പത്ത് വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ഏർപ്പെടുത്തി. ചൈനയിലും ഹോങ്കോങ്ങിലും ആസ്ഥാനമായുള്ള നിരവധി സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇറാന്റെ ഷാഹെദ് ഡ്രോണുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യയും വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളും എത്തിച്ചു നൽകി എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിനും അനുബന്ധ സ്ഥാപനങ്ങൾക്കും ആഗോളതലത്തിൽ ആയുധ സാമഗ്രികൾ എത്തിക്കുന്ന ശൃംഖലയെ തകർക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

അടുത്ത ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിംഗിലേക്ക് തിരിക്കാനിരിക്കെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി തയ്യാറാക്കിയ സമാധാന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ചർച്ചകൾ താൽക്കാലികമായി നിലച്ച സാഹചര്യത്തിലാണ് ഈ ഉപരോധം വരുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെ ഉപയോഗിക്കുന്ന ആയുധങ്ങൾ ഇറാനിയൻ സൈന്യത്തിന് ലഭ്യമാക്കുന്ന വിദേശ വ്യക്തികളെയും കമ്പനികളെയും ഇത്തരത്തിൽ കർശനമായി നേരിടുമെന്ന് ട്രഷറി വിഭാഗം അറിയിച്ചു. ഇറാൻ തങ്ങളുടെ സൈനിക ശേഷി പുനഃസ്ഥാപിക്കുന്നത് തടയാൻ ആവശ്യമായ സാമ്പത്തിക നടപടികൾ തുടരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles