ന്യൂഡൽഹി: ഇറാൻ യുദ്ധം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും ആലോചിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ, വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കാനും എല്ലാ ജീവനക്കാരുടെയും ബോണസ് തുകയിൽ കുറവ് വരുത്താനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത മൂന്ന് മാസത്തേക്ക് വിമാന സർവീസുകളിൽ 20 ശതമാനത്തിലധികം കുറവ് വരുത്താനും സാങ്കേതിക വിഭാഗത്തിലല്ലാത്ത ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 220 ബില്യൺ രൂപയിലധികം (ഏകദേശം 2.3 ബില്യൺ ഡോളർ) റിക്കോർഡ് നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. യുദ്ധം കാരണം ഇന്ധനവിലയിലുണ്ടായ വർധനവും ആകാശപാതകളിലുണ്ടായ നിയന്ത്രണങ്ങളും എയർ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ കൂടുതൽ പ്രതിസന്ധിയിലാക്കി. നിലവിൽ പുതിയ സി.ഇ.ഒയ്ക്കായുള്ള തിരച്ചിലിനിടയിലാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഈ എയർലൈൻ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസ് കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നേരിട്ടുള്ള ഇടപെടലുകൾ നടത്താനും നിലവിൽ ആലോചിക്കുന്നുണ്ട്



