കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ എന്താണ് സംഭവിക്കുന്നത്? അതിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അൽപ്പം ചരിത്രം പറയേണ്ടതുണ്ട്.
കേരളപ്പിറവിക്ക് പിറകെ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഭരിക്കാൻ നിയോഗമുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. സ്വതന്ത്രരായി മത്സരിച്ചുജയിച്ച എം എൽ മാരുടെ കൂടി പിന്തുണയിലാണ് അന്ന് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സി പി ഐ സർക്കാർ രൂപീകരിച്ചത്. ആ സഭയിൽ പ്രതിപക്ഷ നേതാവായത് കോൺഗ്രസിൽ നിന്നുള്ള പി ടി ചാക്കോ ആയിരുന്നു. പ്രഗത്ഭനായ അഭിഭാഷകനായിരുന്നു ചാക്കോ. നല്ല വാക് സാമർത്ഥ്യം. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങൾ. ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കാനുള്ള മരുന്ന് കയ്യിലുണ്ടായിരുന്നു. അത് നന്നായി ഉപയോഗിക്കുകയും ചെയ്തു.
ഒന്നാം മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരം ഓർക്കുന്നുണ്ടാകുമല്ലോ. അതിന്റെ മുന്നിലും പിന്നിലും പി ടി ചാക്കോ ഉണ്ടായിരുന്നു. അങ്ങേയറ്റം അരാഷ്ട്രീയമായ, ജനാധിപത്യവിരുദ്ധമായ സമരമായിരുന്നു അത്. അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. പക്ഷേ കേരളത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിക്കാൻ ആ സമരത്തിന് സാധിച്ചു. ക്രൈസ്തവ സഭയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചതെങ്കിലും അതിനെ ഒരു ബഹുജന പ്രക്ഷോഭമാക്കി മാറ്റിയത് പി ടി ചാക്കോയുടെ മിടുക്കാണ്. എൻ എസ് എസിനെ സമരത്തിലേക്കിറക്കിയതിലും അദ്ദേഹത്തിന് റോളുണ്ട്. ആദ്യം മടിച്ചുനിന്ന മുസ്ലിം ലീഗും പിന്നീട് സമരത്തിന്റെ ഭാഗമായി. തെരുവുകൾ പ്രക്ഷോഭകർ കയ്യടക്കി. അതേത്തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ഗവർണർ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകി. കേരള സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശിപാർശ ചെയ്തു. അങ്ങനെ 1959 ജൂലായ് 31നു ഇ എം എസ് സർക്കാർ പുറത്താക്കപ്പെട്ടു.
1960 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നിവർ സഖ്യം ചേർന്നാണ് മത്സരിച്ചത്. മികവാർന്ന ജയം നേടിയാണ് അവർ അധികാരം പിടിച്ചത്. മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് കോൺഗ്രസായിരുന്നു. പാർട്ടിക്ക് 63 എം എൽ എമാരുണ്ടായിരുന്നു. പി എസ് പിക്ക് 20, മുസ്ലിം ലീഗിന് 11. പി ടി ചാക്കോക്ക് കോൺഗ്രസിൽ എതിരാളികൾ ഉണ്ടായിരുന്നില്ല. പക്ഷേ അന്നത്തെ ‘പ്രത്യേക സാഹചര്യ’ത്തിൽ മുഖ്യമന്ത്രിയായത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പട്ടം താണുപ്പിള്ളയാണ്. എൻ എസ് എസിന്റെ പിന്തുണ ആ പ്രത്യേക സാഹചര്യങ്ങളിൽ ഒന്നായിരുന്നു! വേറെയും കാരണങ്ങൾ ഉണ്ട്.
അന്ന് ഉപമുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾ പി ടി ചാക്കോയെ നിർബന്ധിച്ചതാണ്. അദ്ദേഹം വഴങ്ങിയില്ല. ആർ ശങ്കർ ഉപമുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു പി ടി ചാക്കോയുടെ നിർദേശം. ഹിന്ദു മഹാമണ്ഡലം രൂപീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോയ ആർ ശങ്കർ പിന്നീട് തിരിച്ചെത്തുന്നത് പി ടി ചാക്കോയെ കൂട്ടുപിടിച്ചാണ്. ശങ്കർ ഉപമുഖ്യമന്ത്രി ആകുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു പട്ടം താണുപ്പിള്ളയ്ക്ക്. പി ടി ചാക്കോ ഉറച്ചുതന്നെ നിന്നു. അന്ന് കേരളത്തിലെ കോൺഗ്രസിലെ ഹൈക്കമാൻഡ് ചാക്കോ ആയിരുന്നുവെന്നുതന്നെ പറയാം. ശങ്കർ ചാക്കോയുടെ വിശ്വസ്തനും. കെ പി സി സി പ്രസിഡന്റ് സി കെ ഗോവിന്ദൻ നായർ ഒരു ഭാഗത്ത്. മറുഭാഗത്ത് ചാക്കോ-ശങ്കർ അച്ചുതണ്ട്. അങ്ങനെയാണ് ചാക്കോ തനിക്ക് കൈവന്ന ഉപമുഖ്യമന്ത്രി സ്ഥാനം കൈവിട്ട് ആഭ്യന്തര മന്ത്രിയായി ഒതുങ്ങിയത് എന്നും വായിച്ചിട്ടുണ്ട്. അതൊരു അബദ്ധമായി എന്ന് അദ്ദേഹത്തിന് പിന്നീട് തോന്നിയിട്ടുണ്ടാകണം!
1952 ൽ പട്ടത്തെ പഞ്ചാബിലേക്ക് പറഞ്ഞുവിട്ടു കേന്ദ്രസർക്കാർ; ഗവർണറായി നിയമനം. പകരം മുഖ്യമന്ത്രിക്കസേര ആർ ശങ്കറിന് കിട്ടി. പി ടി ചാക്കോ ആഭ്യന്തരത്തിൽ തുടർന്നു. കോൺഗ്രസിൽ മറ്റൊരു ഗ്രൂപ്പ് വഴക്കിന്റെ പോർമുഖം തുറക്കുന്നതാണ് പിന്നീട് കാണുന്നത്. ആർ ശങ്കർ ഒട്ടും മയത്തിലല്ല പി ടി ചാക്കോയോട് ഇടപെട്ടത്. അപ്പോഴേക്കും ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞിരുന്നു. ഈഴവനായ ഒരാള് ഇവിടെ മുഖ്യമന്ത്രിയായിരിക്കുന്നത് ഇവിടെ ചിലര്ക്ക് സഹിക്കുന്നില്ല എന്ന് ആർ ശങ്കർ പറഞ്ഞത് ചാക്കോയെ ഉദ്ദേശിച്ചുതന്നെയാണ്. താൽക്കാലിക ലാഭത്തിനുവേണ്ടി സ്വന്തം പ്രവർത്തനങ്ങളിൽ വർഗീയത കലർത്തുന്നത് ജനപുരോഗതിക്ക് നല്ലതല്ല എന്നായിരുന്നു പി ടി ചാക്കോയുടെ മറുപടി.
പി ടി ചാക്കോയുടെ പീച്ചിയാത്ര വിവാദമാക്കിയതും ഊതിപ്പെരുപ്പിച്ചതും കോൺഗ്രസുകാർ തന്നെ. കാറിൽ ചാക്കോയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയെ ചേർത്തുകൊണ്ട് മസാലക്കഥകൾ പടച്ചുണ്ടാക്കി. ആഭ്യന്തര മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എം എൽ എയായ പ്രഹ്ളാദൻ ഗോപാലൻ നിരാഹാരമിരുന്നു. മുഖ്യമന്ത്രി ആർ ശങ്കറുടെയും പി സി സി അധ്യക്ഷൻ സി കെ ഗോവിന്ദൻ നായരുടെയും പിന്തുണയുണ്ടായിരുന്നു പ്രഹ്ളാദൻ ഗോപാലന്. ഒടുവിൽ പി ടി ചാക്കോ രാജിവെച്ചൊഴിഞ്ഞു. കേരളപ്പിറവിക്ക് ശേഷം കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ആദ്യ ഇര. മുറിവേറ്റ ഹൃദയവുമായി പിന്നീട് അദ്ദേഹം അഭിഭാഷക വൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിൽക്കാലത്ത് കേരള കോൺഗ്രസിന്റെ പിറവിക്ക് കാരണമായത് പി ടി ചാക്കോയോട് കോൺഗ്രസ് നീതി കാണിച്ചില്ല എന്ന ഒരുവിഭാഗം എം എൽ എമാരുടെ പരിഭവമായിരുന്നു.
അതിനുശേഷവും കോൺഗ്രസിൽ ചെറുതും വലുതുമായ അനേകം ഗ്രൂപ്പ് വഴക്കുകളും പടലപ്പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന്റെ ഏറ്റവും കഠിനമായ ആവിഷ്കാരത്തെയാണ് രാഷ്ട്രീയവിദ്യാർഥികൾ എ-ഐ ഗ്രൂപ്പ് വഴക്കെന്ന് പഠിക്കുക. ഒരു ഭാഗത്ത് കെ കരുണാകരൻ, മറുഭാഗത്ത് എ കെ ആന്റണി. ‘ശീതസമര’വും കടന്ന് ഗ്രൂപ്പ് വഴക്ക് തെരുവിലേക്കിറങ്ങിയത് അക്കാലത്താണ്. ഐ പക്ഷത്ത് കരുണാകരൻ തന്നെ നേരിട്ടിറങ്ങി. ചുറ്റിലും അനേകം നേതാക്കളുണ്ടായിരുന്നു. ഇന്നത്തെ പല പ്രമുഖരും ലീഡറുടെ അന്നത്തെ കളരിയിൽ പയറ്റിത്തെളിഞ്ഞവരാണ്. ആന്റണി പക്ഷത്തിന്റെ പടനായകൻ ഉമ്മൻചാണ്ടി ആയിരുന്നു.
കൊണ്ടും കൊടുത്തുമാണ് ഇരുപക്ഷവും മുന്നേറിയത്. നരസിംഹ റാവു അധികാരത്തിൽ വരുവോളം കെ കരുണാകരന് കേന്ദ്രത്തിൽ നല്ല പിടിപാടായിരുന്നു. ശരിക്കും കിംഗ് മേക്കർ. താങ്കളുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ രു മന്ത്രിസഭയുണ്ടാകുമോ എന്ന് ഒരു ദേശീയ മാധ്യമം ഒരവസരത്തിൽ കരുണാകരനോട് ചോദിക്കുന്നുണ്ട്. അത്രക്ക് പ്രതാപശാലിയായിരുന്നു കണ്ണോത്ത് കരുണാകര മാരാർ എന്ന കെ കരുണാകരൻ. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയത് ലീഡറായിരുന്നു എന്നുതന്നെ പറയാം.
മകൻ മുരളീധരൻ രാഷ്ട്രീയത്തിൽ സജീവമായതോടെ ഗ്രൂപ്പിലുണ്ടായിരുന്ന പലരും കരുണാകരനെ വിട്ടുപോയി. മുരളിയെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടി കരുണാകരൻ മറ്റു പലരെയും ഒതുക്കുകയാണ് എന്നാരോപിച്ചാണ് കൂടെനിന്ന ചിലർ ആരോപിച്ചത്. ലീഡറെ അനുസരിക്കാം, മകനെക്കൂടി അനുസരിക്കാൻ പറ്റില്ല എന്നായിരുന്നു വേറെ ചിലർ പറഞ്ഞത്. മകൾ പദ്മജയെക്കൂടി ലീഡർ രംഗത്തിറക്കിയതോടെ ഐ ഗ്രൂപ്പ് പിന്നെയും ക്ഷീണിച്ചു. കെപിസിസിയുടെ ഒരേയൊരു വൈസ് പ്രസിഡന്റായി മുരളിയെ പരിഗണിച്ചിട്ടും പ്രശ്നങ്ങളൊടുങ്ങിയില്ല. പിന്നീട് കെ പി സി സിയുടെ പ്രസിഡന്റായിക്കൊണ്ട് മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചു മുരളീധരൻ. പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുന്ന പദ്ധതികൾക്ക് രൂപം നൽകി ഗ്രൂപ്പിന് അതീതമായി നിലകൊണ്ടു. ഉമ്മൻചാണ്ടിക്ക് പോലും സ്വീകാര്യമായ നയതന്ത്രം പുറത്തെടുത്തു മുരളീധരൻ.
അതുകൊണ്ടൊന്നും അവസാനിച്ചില്ല ഗ്രൂപ്പ് വഴക്ക്. കെ കരുണാകരൻ മുഖ്യമന്ത്രി ആയപ്പോൾ വലിച്ചുതാഴെയിടാൻ എ ഗ്രൂപ്പ് മിനക്കെട്ട് പണിയെടുത്തിട്ടുണ്ട്. എ കെ ആന്റണി ആ പദവിയിൽ വന്നപ്പോൾ ഐ ഗ്രൂപ്പും അതേ പണിയെടുത്തു. പരസ്പരം അടിക്കാൻ കിട്ടിയ ഒരവസരവും പാഴാക്കിയില്ല. ഒടുക്കം കെ കരുണാകരൻ പാർട്ടി വിട്ടുപോകുന്നിടം വരെ കാര്യങ്ങളെത്തി. മുരളിയെ പ്രസിഡൻറാക്കികൊണ്ട് 2005 ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചുകൊണ്ട് കോൺഗ്രസുമായി സലാം ചൊല്ലി കരുണാകരൻ. ഇടതുമുന്നണി പ്രവേശമായിരുന്നു ലക്ഷ്യമെങ്കിലും അത് നടന്നില്ല. വി എസ് അച്യുതാനന്ദനും സിപിഐയും നിലപാട് കടുപ്പിച്ചു. പിന്നീട് എൻ സി പിയിൽ ലയിച്ചുകൊണ്ട് എൽ ഡി എഫിലേക്ക് പിൻവാതിൽ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. അതേത്തുടർന്ന് കരുണാകരൻ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. മുരളീധരൻ കുറച്ചുകാലം കൂടി എൻ സി പിയിൽ തന്നെ തുടർന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. അതിനുശേഷം ഒരു ഗ്രൂപ്പ് യുദ്ധത്തിലേക്ക് പോകാൻ കരുണാകരനോ മുരളിയോ തയ്യാറായില്ല.
അതിനകം ആന്റണി തന്റെ പ്രവർത്തന മണ്ഡലം ഡൽഹിയിലേക്ക് പറിച്ചുനട്ടിരുന്നു. മൻമോഹൻ സർക്കാരിൽ സുപ്രധാന വകുപ്പ് നൽകി കോൺഗ്രസ് അദ്ദേഹത്തെ പരിഗണിച്ചു. നാട്ടിൽ ഗ്രൂപ്പ് കളിക്കാൻ അദ്ദേഹത്തിനും താത്പര്യമില്ലായിരുന്നു. പേരിനെങ്കിലും എ, ഐ ഗ്രൂപ്പുകൾ അപ്പോഴും നിലനിന്നു. എ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടി തന്നെ നയിച്ചു. ഐ ഗ്രൂപ്പ് നേതൃത്വം രമേശ് ചെന്നിത്തലയിലേക്ക് വന്നുചേർന്നു. എപ്പോഴെങ്കിലും ഒറ്റപ്പെട്ട ഗ്രൂപ്പ് മീറ്റിംഗുകൾ നടന്നു എന്നതൊഴിച്ചാൽ പൊട്ടിത്തെറികൾ ഒന്നുമുണ്ടായില്ല. ചെന്നിത്തലയ്ക്ക് പിറകെ കെപിസിസി അധ്യക്ഷസ്ഥാനത്ത് വന്ന വി എം സുധീരനോ മുല്ലപ്പള്ളി രാമചന്ദ്രനോ പ്രത്യേകം ഗ്രൂപ്പുണ്ടാക്കാൻ മിനക്കെട്ടില്ല. കെ സുധാകരൻ ഐ ഗ്രൂപ്പുകാരനായാണ് അറിയപ്പെട്ടത്.
എ-ഐ ഗ്രൂപ്പ് വഴക്ക് സംഭവബഹുലമായിരുന്നു, എല്ലാ അർത്ഥത്തിലും. രാജ്മോഹൻ ഉണ്ണിത്താന്റെ ഉടുമുണ്ടുരിഞ്ഞതുൾപ്പെടെ പലതും പലതും നടന്നിട്ടുണ്ട്. രണ്ടിലൊരു ഗ്രൂപ്പിൽ നിൽക്കാത്തവർക്ക് കോൺഗ്രസിൽ ഒരു പദവിയും കിട്ടില്ല എന്നതായിരുന്നു അവസ്ഥ. പാർട്ടി വളർത്താനല്ല, ഗ്രൂപ്പ് വളർത്താനാണ് കോൺഗ്രസ് നേതാക്കൾ ഊർജം കൂടുതൽ ചെലവിട്ടത്. ഫലം, അടിത്തട്ടിൽ കോൺഗ്രസ് സംഘടനാപരമായി പാടേ ക്ഷീണിച്ചു. മീറ്റിംഗുകൾ നടക്കാതായി. യൂത്ത് കോൺഗ്രസും കെ എസ് യുവും പേരിൽ മാത്രമായി. ചുളിവ് വീഴാത്ത ഖദറിട്ട് ഗ്രൂപ്പ് നേതാക്കൾക്ക് പിറകെ നടക്കുന്ന പെട്ടിപിടുത്തക്കാരായി രണ്ടു സംഘടനകളും ഒതുങ്ങിപ്പോയി.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ഥിതി മാറിയിട്ടുണ്ട്. പദവികൾ വീതം വെക്കുന്നതിൽ ഗ്രൂപ്പ് താത്പര്യം ഉണ്ടെന്നാലും യുവജന സംഘടനയും വിദ്യാർത്ഥി സംഘടനയും തെരുവിൽത്തന്നെ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പിലേക്ക് മാത്രമായി അവർ ഒതുങ്ങിപ്പോയിട്ടില്ല. അതിനു രണ്ടു കാരണങ്ങൾ ഞാൻ കാണുന്നുണ്ട്. ഒന്ന്, മുകളിൽ പറഞ്ഞതുതന്നെ. പിസിസി അധ്യക്ഷരായിരുന്ന സുധീരനോ മുല്ലപ്പള്ളിയോ ഗ്രൂപ്പിസത്തെ പ്രോത്സാഹിപ്പിച്ചില്ല. പിന്നാലെ വന്ന കെ സുധാകരൻ തനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നല്ലാതെ ഗ്രൂപ്പിസത്തിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുപോയില്ല.
രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിന്റെയും അമരത്തുണ്ടായിരുന്നെങ്കിലും ഇരുവരും പരസ്പരം സഹകരിച്ചാണ് നീങ്ങിയത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഒഴിവാക്കാൻ ചില ശ്രമങ്ങൾ എ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും പ്രശ്നം സങ്കീർണമാക്കാതെ കേന്ദ്രനേതൃത്വത്തിനുവഴങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു. തന്റെ പേരിലാണ് ഗ്രൂപ്പെങ്കിലും അതിന്റെ പേരിൽ എന്തെങ്കിലും ഇടപെടൽ ആന്റണി നടത്തിയിട്ടുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനോട് അനുകൂല നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്. ആഗ്രഹിച്ചിരുന്നുവെങ്കിൽ കുഞ്ഞൂഞ്ഞിന് അത് എത്തിപ്പിടിക്കാൻ കഴിയുമായിരുന്നു. രമേശിനോട് പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു എ ഗ്രൂപ്പിന്റേത്.
കെ സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ മുഖമാകുന്നത് പൊടുന്നനെയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി, സന്തത സഹചാരിയായി, എ ഐ സി സിയുടെ സംഘടനാകാര്യ സെക്രട്ടറിയായി ഡൽഹിയിൽ ഏറ്റവും പിടിപാടുള്ള കോൺഗ്രസ് നേതാവായി മാറി കെ സി വേണുഗോപാൽ. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ എൽ ഡി എഫ് കൂടുതൽ സീറ്റ് നേടി തുടർഭരണം നേടി. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്കുമേൽ അതിന്റെ കുറ്റം ആരോപിക്കപ്പെട്ടു. അങ്ങനെയാണ് കെ സി വേണുഗോപാലിന്റെ പിന്തുണയോടെ വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുന്നത്.
ചുണ്ടിനും കപ്പിനുമിടയിൽ പദവികൾ പലതും നഷ്ടപ്പെട്ടയാളാണ് വി ഡി സതീശൻ. എൻ എസ് എസിന്റെ അതൃപ്തി ഉൾപ്പെടെ പല ഘടകങ്ങൾ അതിലുണ്ട്. പക്ഷേ പ്രതിപക്ഷ നേതാവ് പദവി തേടിയെത്തിയപ്പോൾ മികച്ച രീതിയിൽ തന്നെ അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിയെ സംഘടനാപരമായി ശാക്തീകരിക്കാനും മുന്നണിയെ കെട്ടുറപ്പോടെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി, പോഷക സംഘടനകളെ നന്നായി പ്രോത്സാഹിപ്പിച്ചു, യുവനേതാക്കൾക്ക് മുന്തിയ പരിഗണന നൽകി, മുന്നണിയിൽ അസ്വാരസ്യങ്ങൾ ഇല്ലാതിരിക്കാൻ ഘടകകക്ഷികളുമായി നിരന്തരം ആശയവിനിമയം നടത്തി. കെ സുധാകരനുമായി ചില വക്കാണങ്ങൾ ഉണ്ടായി എന്നത് നേര്. നിരാശയിൽ വീണുപോയ കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ പക്ഷേ അദ്ദേഹം കെപിസിസി പ്രസിഡന്റിനൊപ്പം തന്നെ നിന്നു, തിരഞ്ഞെടുപ്പുകാലങ്ങളിൽ നേതാക്കളെ ഫീൽഡിലിറക്കി. മെയ്യനക്കി പണിയെടുത്താൽ റിസൾട്ട് ഉണ്ടാകുമെന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. അത് സത്യമായി ഭവിക്കുകയും ചെയ്തു. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കോൺഗ്രസിന് വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാവിജയം അദ്ദേഹം പ്രവചിക്കുമ്പോൾ വിശ്വസിക്കാൻ അറച്ചുനിന്നവരെല്ലാം ഇപ്പോൾ ആ നേതൃമികവിനും ദീർഘ വീക്ഷണത്തിനും കയ്യടിക്കുന്നുണ്ട്.
കോൺഗ്രസിൽ തന്റെ പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കാൻ വി ഡി സതീശൻ ശ്രമിച്ചില്ല. കൂടെ നിൽക്കുന്നവരെ അദ്ദേഹം കയ്യൊഴിഞ്ഞുമില്ല. അത് ഒരു ഗ്രൂപ്പായി വളരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ കൂടെ നിൽക്കുന്നയാളായാണ് സതീശൻ കരുതപ്പെട്ടത്. പക്ഷേ കെ സിക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കി അതിന്റെ മാനേജറാകാനും മിനക്കെട്ടില്ല. കെ സി അത് ആഗ്രഹിച്ചിരുന്നുവോ എന്നറിയില്ല. തനിക്ക് ദേശീയ രാഷ്ട്രീയം തന്നെയാണ് താത്പര്യമെന്ന് ഒന്നിലേറെ തവണ കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എങ്കിലും അതിനിടയിൽക്കൂടി കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തനിക്കൊപ്പം നിർത്താൻ കെ സി ശ്രമിക്കുന്നുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ഒപ്പം നിൽക്കുന്നവർക്ക് സീറ്റ് ഉറപ്പാക്കാൻ ഓരോ ഘട്ടത്തിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട് എന്ന് ആ നാളുകളിൽ ഡൽഹിയിൽ നിന്ന് വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥി നിർണയം നീണ്ടുപോയതിന് അതും കാരണമായിട്ടുണ്ട്. യു ഡി എഫ് അധികാരത്തിൽവന്നാൽ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ തനിക്ക് മേധാവിത്വം കൈവരുന്ന നിലയിലാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും ഭാഗമായിരുന്ന പലരും പുതിയ കെ സി ഗ്രൂപ്പിൽ ചേർന്നിരുന്നു. കെ സുധാകരൻ തന്നെയും കെ സിക്കുവേണ്ടി രംഗത്തുവരുന്നതും നമ്മൾ കണ്ടു. തിരഞ്ഞെടുപ്പുവേളയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനുണ്ടാകില്ല എന്ന് കെ സി വേണുഗോപാൽ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
മെയ് നാലിന് ഫലം വന്നപ്പോൾ വി ഡി സതീശൻ പ്രവചിച്ചത് കേരളത്തിൽ പുലർന്നു; 100 ലേറെ (102) സീറ്റുകൾ നേടി യു ഡി എഫ് വിജയിച്ചു. കോൺഗ്രസിനു മാത്രം 63 എം എൽ എമാരെ കിട്ടി. അങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാന തർക്കം രൂപപ്പെട്ടത്. നേരിയ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് ജയിക്കുന്നതെങ്കിൽ ഈ തർക്കം ഉണ്ടാകുമായിരുന്നില്ല. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മുഖ്യമന്ത്രി ചർച്ച അന്തരീക്ഷത്തിലുണ്ട്. അധികാരം കിട്ടിയാൽ രമേശ് ചെന്നിത്തലയാണോ വി ഡി സതീശനാണോ മുഖ്യമന്ത്രിയാവുക എന്നതായിരുന്നു ആ ചർച്ചയുടെ ഉള്ളടക്കം. എം പിമാർ മത്സരിക്കേണ്ട എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതും മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞതുമാണല്ലോ. അതുകൊണ്ടാണ് ആ ഘട്ടത്തിൽ ചർച്ച രണ്ടുപേരിലേക്കൊതുങ്ങിയത്. പക്ഷേ ഫലം വന്നപ്പോൾ കെ സിയുടെ പേര് കൂടി ശക്തമായി ഉയർന്നുവന്നു. താൻ മുഖ്യമന്ത്രി ആകാനില്ലെന്ന് നേരത്തേ പറഞ്ഞിടത്ത് നിന്ന് കെ സിയും പിൻവാങ്ങി.
എം എൽ എമാർ കൂടുതൽ കെ സി വേണുഗോപാലിനൊപ്പമാണ്. ഘടകകക്ഷികൾ വി ഡി സതീശനൊപ്പമാണ്. യു ഡി എഫിന് വോട്ട് ചെയ്ത ജനങ്ങളുടെ മനസും വി ഡിക്കൊപ്പമാണ് എന്നുവേണം കരുതാൻ. കെ സി വേണുഗോപാലിനുവേണ്ടി ഫ്ലെക്സുകളാണ് ഉയർന്നതെങ്കിൽ വി ഡി സതീശന് വേണ്ടി പ്രകടനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് കെ സി വേണുഗോപാലിന് ആണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വവും സംഘടനാകാര്യ സെക്രട്ടറി എന്ന നിലക്ക് അദ്ദേഹം ഏറ്റെടുക്കേണ്ടേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അങ്ങനെയാണെങ്കിൽ ഇതിനകം വിവിധ സംസ്ഥാനങ്ങളിലുണ്ടായ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളുടെ പേരിൽ അദ്ദേഹം എ ഐ സി സി ഭാരവാഹിത്വം ഒഴിയാതിരുന്നത് എന്തുകൊണ്ട് എന്നാണ് അവർ ചോദിക്കുന്നത്.
വി ഡി സതീശൻ മുന്നിൽ നിന്ന് നയിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പണം കണ്ടെത്തിയതും വിവിധ മണ്ഡലങ്ങളിലെ വിമതസ്വരങ്ങൾ ഇല്ലാതാക്കിയതും കെ സി ആണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. വി ഡി സതീശന് സമുദായ സംഘടനകളുടെ (എൻ എസ് എസ്, എസ് എൻ ഡി പി..) പിന്തുണ ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലാണ്. മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിൽ വന്ന് കോൺഗ്രസ് എം എൽ എമാരോടും മുന്നണിയിലെ ഘടക കക്ഷി നേതാക്കളോടും സംസാരിച്ചിട്ടുണ്ട്. മുകുൾ വാസ്നിക്കിന്റെ കയ്യിലിരുന്ന ഫയലിൽ നിന്ന് എം എൽ എമാരുടെ പിന്തുണയുടെ ഏകദേശ രൂപം വ്യക്തമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്ന പഴയ നിലപാടിൽ കെ സി വേണുഗോപാൽ ഉറച്ചുനിൽക്കുമോ? അതോ മുഖ്യമന്ത്രിയാകാൻ തീരുമാനിക്കുമോ? കെ സി ഡൽഹിയിൽ നിന്നു വന്ന് മുഖ്യമന്ത്രി ആയാൽ ഏത് മണ്ഡലമാകും മത്സരിക്കാൻ തിരഞ്ഞെടുക്കുക? അവിടെ ജയിച്ചില്ലെങ്കിൽ എന്ത് ചെയ്യും? അദ്ദേഹം രാജിവെക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലം കോൺഗ്രസിന് നഷ്ടപ്പെടുമോ? കെ സിയുടെ മന്ത്രിസഭയിൽ ചേരാൻ വി ഡി സതീശൻ സന്നദ്ധമാകുമോ? അദ്ദേഹം മാറിനിന്നാൽ കോൺഗ്രസിനെയും യു ഡി എഫിനെയും എങ്ങനെയാകും അത് ബാധിക്കുക? മധ്യസ്ഥ മുഖ്യനായി രമേശ് ചെന്നിത്തല നിയോഗിക്കപെടുമോ?
ചോദ്യങ്ങൾ ഏറെയാണ്. കൃത്യമായ ഉത്തരത്തിലേക്ക് കോൺഗ്രസ് വൈകാതെ എത്തിച്ചേരുമായിരിക്കും. പക്ഷേ ഇപ്പോഴത്തെ ചർച്ചയും തർക്കവും പാർട്ടിക്കും മുന്നണിക്കും ചെറുതല്ലാത്ത പരിക്കേൽപ്പിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവർത്തകരോട് സംസാരിക്കുമ്പോൾ പോലും അതിന്റെ നിരാശ പ്രകടമാണ്. ഇതര സംസ്ഥാനങ്ങൻ എങ്ങനെയാണ് കോൺഗ്രസ് തകർന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് കേരളത്തിൽ ഇപ്പോൾ നമ്മൾ കാണുന്നത്.
‘ഒഴിവുദിവസത്തെ കളി’ എന്നൊരു കഥയുണ്ട്; ഉണ്ണി ആർ എഴുതിയത്. ശക്തമായ രാഷ്ട്രീയം പറയുന്ന കഥയാണ്. ആ കഥ പിന്നീട് സിനിമയായി. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 സുഹൃത്തുക്കൾ ഉല്ലാസത്തിനായി വനത്തിലേക്ക് പോകുന്നു. അവിടെവെച്ചു മദ്യപിക്കുന്നു. മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകു(ക്കു)ന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നു. ഇതാണ് കഥ.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന തർക്കങ്ങളെ കുറിച്ച് കെ മുരളീധരൻ കുറച്ചുദിവസം മുമ്പ് പറഞ്ഞത് ഇതൊക്കെ ഒഴിവു നേരങ്ങൾ രസമാക്കാൻ വേണ്ടിയുള്ള കളികളായി കരുതിയാൽ മതി എന്നാണ്. ആ കളി കൈവിട്ടുപോകുന്നു എന്നതാണ് അണികൾ ഉന്നയിക്കുന്ന പ്രശ്നം. പാർട്ടി നേതാക്കൾക്ക് ഇതൊക്കെയും ഒഴിവുദിവസത്തെ കളികളായിരിക്കാം. പക്ഷേ വോട്ടർമാർക്ക് അങ്ങനെയല്ല. നേതാക്കൾ തർക്കിച്ചു തർക്കിച്ച് ജനവിധിയുടെ ശോഭ തല്ലിക്കെടുത്തുന്നതായാണ് അവർക്ക് അനുഭവപ്പെടുന്നത്. പാർട്ടിയിലെ ജനാധിപത്യമായല്ല, ജനഹിതത്തിന് നേർക്കുള്ള വെല്ലുവിളിയായി ഈ തർക്കങ്ങൾ മാറിയത് ഉൾക്കൊള്ളാൻ നേതാക്കൾക്ക് കഴിയുന്നില്ലേ എന്ന് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത് കോൺഗ്രസ് പ്രൊഫൈലുകൾ തന്നെയാണ്.