വിവാഹവാഗ്ദാനം നൽകി പീഡനം; സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്

കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താൻ സിനിമ സംവിധായകനാണെന്നും വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജോജോ യുവതിയുമായി അടുപ്പത്തിലായത്. യുവതിയുടെ കുടുംബാംഗങ്ങളുമായി ബന്ധം സ്ഥാപിച്ച ഇയാൾ, പലതവണ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പിന്നീട് തന്റെ സുഹൃത്തുക്കൾ വഴിയാണ് ജോജോ വിവാഹിതനാണെന്നും ഇയാൾക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി അറിയുന്നത്. ജോജോ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ബുധനാഴ്ച പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായും മരട് പോലീസ് അറിയിച്ചു.

പീഡനക്കേസിന് പുറമെ മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പത്തനാപുരത്ത് മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി ഭക്ഷിച്ച കേസിൽ ഇയാൾക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം നടന്നു വരികയാണ്. ഈ കേസിലും പ്രതിയായ ജോജോ കുരിശിങ്കലിനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles