ന്യൂഡൽഹി: വിദേശ നാണയ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ്ണത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും വിദേശയാത്രകൾ ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനകൾ വെറും ഉപദേശങ്ങളല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ തെളിവുകളാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പത്തുവർഷത്തെ ഭരണത്തിന് ശേഷം ജനങ്ങൾ എന്ത് വാങ്ങണം, എവിടെ പോകണം എന്ന് സർക്കാരിന് പറയേണ്ടി വരുന്നത് മോദിയുടെ കഴിവുകേടാണെന്നും, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനായി എല്ലാ തവണയും പഴി ജനങ്ങളുടെ മേൽ കെട്ടിവെക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ‘എക്സിലൂടെ’ പരിഹസിച്ചു.
ഞായറാഴ്ച ഹൈദരാബാദിലെ സെക്കന്ദരാബാദിൽ നടന്ന ബി.ജെ.പി റാലിയിലായിരുന്നു പൗരന്മാർ സാമ്പത്തിക ത്യാഗത്തിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതും വിദേശ നാണയ ശേഖരത്തിൽ സമ്മർദ്ദമുണ്ടാക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർദ്ദേശങ്ങൾ. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഉപേക്ഷിക്കുക, വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കാനായി മെട്രോ ട്രെയിനുകളും കാർ പൂളിംഗും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. കൂടാതെ, കോവിഡ് കാലത്തെ പോലെ ‘വർക്ക് ഫ്രം ഹോം’ രീതിയിലേക്ക് മടങ്ങണമെന്നും രാസവളങ്ങളുടെയും പാചക എണ്ണയുടെയും ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
“ഇന്നലെ മോദിജി ജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. സ്വർണ്ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ കുറച്ച് ഉപയോഗിക്കണം… ഇതൊക്കെ ഭരണപരാജയത്തിന്റെ തെളിവുകളാണ്,” എന്ന് രാഹുൽ ഗാന്ധി കുറിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലും തിരഞ്ഞെടുപ്പുകളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, വിദേശനാണ്യം ലാഭിക്കുന്നത് ഒരു ദേശീയ കടമയായാണ് കാണേണ്ടതെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയെയും വിതരണ ശൃംഖലയെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യം കൂടുതൽ കരുതലോടെ മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.



