അധിനിവേശത്തിനെതിരെ ജീവൻ നൽകിയും പോരാടും; ഖൊമേനിയുടെ ചരമവാർഷികത്തിൽ ഇറാൻ സായുധ സേന

ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാന്റെ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ പരമാധികാരവും ഇസ്ലാമിക വിപ്ലവത്തിന്റെ ആദർശങ്ങളും സംരക്ഷിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് പ്രതിജ്ഞ ചെയ്ത് ഇറാന്റെ സായുധ സേന. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അധിനിവേശങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫും ഖാതമൂർ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ഒരു സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ 170-ലധികം നിരപരാധികൾ കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള ക്രൂരതകൾ, ലോകത്തിന് മുന്നിൽ മനുഷ്യാവകാശങ്ങളുടെ വ്യാജ അവകാശവാദമുന്നയിക്കുന്നവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടിയതായി ഇറാൻ സൈനിക നേതൃത്വം കുറ്റപ്പെടുത്തി.

ശത്രുക്കളുടെ ഭീഷണികൾക്കും കടന്നുകയറ്റങ്ങൾക്കും മുന്നിൽ ഇറാനിയൻ ജനത ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സായുധ സേനയുടെയും പ്രബുദ്ധരായ ജനങ്ങളുടെയും ദൈവവിശ്വാസത്തിന് മുന്നിൽ ഒടുവിൽ കീഴടങ്ങുകയല്ലാതെ വാഷിംഗ്ടണിനും ടെൽ അവീവിനും മുന്നിൽ മറ്റ് വഴികളില്ല. രാജ്യത്തെ നിലവിലെ സങ്കീർണ്ണമായ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഐക്യത്തിന് പിന്നിൽ അണിനിരക്കാൻ ഇറാൻ സായുധ സേന ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇറാൻ ചരിത്രത്തിൽ നിർണ്ണായകമായ ജൂൺ 3-ലെ ആയത്തുള്ള ഖൊമേനിയുടെ ചരമവാർഷികവും, ഇസ്ലാമിക വിപ്ലവത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്ന 1963-ലെ ചരിത്രപ്രസിദ്ധമായ ‘ഖോർദാദ് 15’ ജനകീയ പ്രക്ഷോഭത്തിന്റെ സ്മരണയും ഒരേദിവസമാണ് രാജ്യം ആചരിക്കുന്നത്. യു.എസ് ഉപരോധങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും ഇടയിൽ നടക്കുന്ന ഈ വാർഷികാചരണം മേഖലയിൽ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles