മുസാഫർനഗർ: ശസ്ത്രക്രിയയ്ക്കായി ആവശ്യപ്പെട്ട കൈക്കൂലിപ്പണം പൂർണ്ണമായി നൽകാത്തതിനെ തുടർന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുമായി ഡോക്ടർ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലാ ആശുപത്രിയിൽ വെച്ച് 14 വയസ്സുകാരിയായ പെൺകുട്ടിയുടെ കാൽ ഡോക്ടർ വീണ്ടും ഒടിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. കുട്ടിക്ക് സൗജന്യ ചികിത്സ നൽകാൻ ചീഫ് മെഡിക്കൽ ഓഫീസർ കർശന ഉത്തരവ് നൽകിയിട്ടും, ഇത് പൂർണ്ണമായി ലംഘിച്ചാണ് ഡോക്ടർ ഈ അതിക്രൂരമായ നടപടിക്ക് മുതിർന്നത്. ഒരു മാസം മുൻപാണ് ഈ ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുടെ വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രി അധികൃതർ തങ്ങളോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കുട്ടിയുടെ അമ്മ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് ആദ്യം ചികിത്സ നിഷേധിച്ചെങ്കിലും, ഇവർ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചതോടെയാണ് കുട്ടിക്ക് സൗജന്യ ചികിത്സ നൽകാൻ ഭരണകൂടം ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവ് നിലനിൽക്കെത്തന്നെ ആശുപത്രി ജീവനക്കാർ ഇവരിൽ നിന്ന് 8,000 രൂപ കൈപ്പറ്റുകയും, ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് വ്യവസ്ഥ വെക്കുകയുമായിരുന്നു.
തുടർന്ന്, സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കിയുള്ള 17,000 രൂപ നൽകാൻ തനിക്ക് സാധിക്കില്ലെന്ന് അമ്മ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിൽ പ്രകോപിതനായ ഡോക്ടർ, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പരിശോധനയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബലമായി ശസ്ത്രക്രിയ കഴിഞ്ഞ കാൽ ഒടിക്കുകയായിരുന്നുവെന്ന് അമ്മ പരാതിപ്പെടുന്നു. പരിശോധനയ്ക്കെന്ന പേരിൽ മകളെ അകത്തേക്ക് വിളിച്ചുവരുത്തിയ ഡോക്ടർ അവളുടെ കാൽമുട്ട് ബലമായി പിന്നോട്ട് മടക്കുകയായിരുന്നുവെന്നും, ആ സമയത്ത് എല്ല് പൊട്ടുന്ന ശബ്ദം കേൾക്കുകയും കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തിരുന്നുവെന്നും രേഷ്മ കൂട്ടിച്ചേർത്തു.വിധവയായ അമ്മയും മകളും നീതി തേടി ജില്ലാ കളക്ടറേറ്റിൽ എത്തിയതോടെയാണ് ഈ ക്രൂരസംഭവം പുറംലോകമറിഞ്ഞത്. തങ്ങളെ ക്രൂരമായി ദ്രോഹിച്ച ഡോക്ടർക്കെതിരെയും ഒത്താശ ചെയ്ത ആശുപത്രി ജീവനക്കാർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ കുടുംബം ഇപ്പോൾ പ്രതിഷേധത്തിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.



