റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിയെ കാണാതായി

റിയാദ്: റിയാദിലെ ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. തൃശ്ശൂർ ഒല്ലൂർ പാലക്കൽ തോമസിന്റെ മകൻ ടിൻസനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിൽ നിന്നും അപ്രത്യക്ഷനായത്. കഴിഞ്ഞ മെയ് 18-ന് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ് അബോധാവസ്ഥയിലായതിനെത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്. ഏതാനും ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകുന്ന ഘട്ടത്തിൽ ഇദ്ദേഹത്തിന് പൂർണ്ണമായ ഓർമ്മശക്തി തിരികെ ലഭ്യമായിരുന്നില്ലെന്നാണ് അധികൃതരിൽ നിന്നും  ലഭിക്കുന്ന വിവരം.

രാജ്യസഭാ എം.പി. പി.പി. സുനീർ നാട്ടിൽ നിന്നും ന്യൂ ഇന്ത്യ സാംസ്കാരിക വേദിയുടെ പ്രവർത്തകനായ എം. സാലി ആലുവയെ  ബന്ധപ്പെട്ടതിനെത്തുടർന്നാണ് ടിൻസന്റെ രോഗാവസ്ഥയെക്കുറിച്ചും കാണാതായതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തറിയുന്നത്. ഏകദേശം രണ്ടു വർഷം മുൻപ് വരെ റിയാദിലെ എക്സിറ്റ് 17-ലുള്ള ഒരു ടയർ കടയുടെ സ്പോൺസർഷിപ്പിലായിരുന്നു ടിൻസൻ ജോലി ചെയ്തിരുന്നത്. എന്നാൽ നിലവിൽ മതിയായ രേഖകളില്ലാതെ നിയമലംഘകനായി രാജ്യത്ത് തുടരുന്നതിനാൽ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ചോ നിലവിലുള്ള സുഹൃത്തുക്കളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. റിയാദിലെ തൃശ്ശൂർ ജില്ലാ കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താനായി  പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെയും യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായോ സാമൂഹിക പ്രവർത്തകരുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles