റിയാദ്: ടിപിഎം ഗ്രൂപ്പ് ചെയർമാനും റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ. ടി പി മുഹമ്മദ് രചിച്ച ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ അമേരിക്ക മുതൽ തുർക്കിവരെ എന്ന ഗ്രന്ഥം സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റിയാദിൽ പ്രകാശിതമായി. വായനക്കാരെ അകത്തേക്ക് മാത്രം തുറക്കുന്ന വാതിൽ പോലെ തന്നോടൊപ്പം കൂടെ കൂട്ടി കാണാത്ത ലോകത്തേക്കും ദേശങ്ങളിലേക്കും കൈപിടിച്ച് നടത്തുന്ന ശൈലിയാണ് ടി പി മുഹമ്മദ് തന്റെ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ അഭിപ്രായപ്പെട്ടു. വാക്ക് ചാരുത കൊണ്ട് ശില്പനിർമ്മിതമാകുന്ന ദേശസഞ്ചാരമാണ് എഴുത്തുകാരൻ തൻ്റെ പുസ്തകത്തിൽ പുലർത്തുന്ന ശൈലീ ഭാവമെന്ന് പ്രമുഖ എഴുത്തുകാരി സബീന സലി പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ബോധിപ്പിച്ചു.
ഷഹബാസ് ബഷീർ ഹുദവി പ്രാർത്ഥന നിർവഹിക്കുകയും മോഡേൺ ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് വി പി സ്വാഗതം ആശംസിക്കുകയും ചെയ്തു. സാംസ്കാരിക നേതാവ് വി കെ മുഹമ്മദ് അധ്യക്ഷം വഹിച്ച പരിപാടി അൽമുന ഇൻറർനാഷണൽ സ്കൂൾ ദമാം, പ്രിൻസിപ്പാൾ നൗഫൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി ബ്ലാത്തൂർ പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി പി മുഹമ്മദ് തന്നെ രചിച്ച കവിതാസമാഹാരമായകാവ്യ നിലാവിൻ്റെ കവർ പ്രകാശനത്തിന് അതേ വേദി തന്നെ സാക്ഷിയായി. കവിതാ സമാരത്തിന്റെ കവർ പ്രകാശനം മാധ്യമം റിപ്പോർട്ടർ നജീം കൊച്ചുകലുങ്ക് നിർവഹിക്കുകയും ബിസിനസ് ട്രൈനർ ഇബ്രാഹിം സുബ്ഹാൻ ഏറ്റു വാങ്ങുകയും ചെയ്തു.
പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് കെഎംസിസി നേതാവ് ശുഐബ് പനങ്ങാങ്ങര, നാസർ കാരക്കുന്ന് (കേളി ) സനൂബ്( കിയോസ്) ഖാദർ (മാനേജർ അൽമുന സ്കൂൾ ദമാം) ജയൻ ( മീഡിയ ഫോറം ) സംസാരിച്ചു. സദസ്സിൽ എഴുത്തുകാരൻ ഡോ. ടി പി മുഹമ്മദിനെ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എഴുത്തുകാരായ ശ്രീമതി സുബൈദ, ഖമർ ബാനു, അനിത്ര, നിഖില തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു. മുക്താർ കണ്ണൂർ സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.



