ഇറാനെതിരായ പിന്മാറ്റത്തിന് കാരണം ആയുധക്ഷാമമെന്ന് റിപ്പോർട്ട്; വാർത്ത വ്യാജമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ സൈന്യം നേരിടുന്ന കടുത്ത ആയുധക്ഷാമമാണ് ഇറാനെതിരായ വൻ വ്യോമാക്രമണ പദ്ധതികളിൽ നിന്ന് പിന്മാറാൻ പ്രെസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘദൂര ഗൈഡഡ് മിസൈലുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ ലഭ്യതക്കുറവാണ് യു.എസ് പ്രതിരോധ മേഖലയെ വലയ്ക്കുന്നത്. ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ മാത്രം 850-ലേറെ ടൊമാഹോക് ക്രൂയിസ് മിസൈലുകളും, ആയിരത്തിലധികം പാട്രിയറ്റ് മിസൈലുകളും, 1300-ലേറെ എ.ടി.എ.സി.എം.എസ് (ATACMS) ബാലിസ്റ്റിക് മിസൈലുകളും അമേരിക്ക ഉപയോഗിച്ചുതീർത്തതായി ‘വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എ.ടി.എ.സി.എം.എസ് മിസൈലുകളുടെ ശേഖരം പൂർണ്ണമായും തീർന്ന നിലയിലാണ്.

ആയുധക്ഷാമവുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി ട്രംപ് അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് മിസൈലുകളുടെ 80 ശതമാനവും പാട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 50 ശതമാനവും യു.എസ് സൈന്യം ഉപയോഗിച്ചു കഴിഞ്ഞുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ഉക്രൈൻ യുദ്ധത്തിലും അമേരിക്കയുടെ ഈ ആയുധക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കും. പുതിയ പാട്രിയറ്റ് മിസൈലുകൾ നിർമ്മിക്കുന്നതിനായി അമേരിക്ക കരാറുകൾ നൽകിയിട്ടുണ്ടെങ്കിലും ഇവയുടെ നിർമ്മാണം പൂർത്തിയാകാൻ രണ്ട് വർഷത്തോളം സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ആയുധക്ഷാമത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിച്ച് ട്രംപ് രംഗത്തെത്തി. രാജ്യ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം പ്രതിരോധ കമ്പനികൾ ആയുധങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ആവശ്യത്തിന് ശേഖരം കൈവശമുണ്ടെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെട്ടു. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും അപേക്ഷിച്ചതിനെ തുടർന്നാണ് ആക്രമണം റദ്ദാക്കിയതെന്നാണ് ട്രംപിന്റെ മുൻ നിലപാട്.

 

Related Articles

- Advertisement -spot_img

Latest Articles