‘മാഗി നൂഡിൽസ് ഉണ്ടാക്കുന്നത് പോലെ ബില്ലുകൾ പാസാക്കുന്നു’; കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റിൽ മതിയായ ചർച്ചകളോ പരിശോധനകളോ കൂടാതെ ബില്ലുകൾ ധൃതിപിടിച്ച് പാസാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പാർലമെന്റിന്റെ അവകാശങ്ങളെയും ജനാധിപത്യ മര്യാദകളെയും തകർക്കുകയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ‘മാഗി നൂഡിൽസ് ഉണ്ടാക്കുന്നത് പോലെയാണ് ബില്ലുകൾ പാസാക്കുന്നത്’ എന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറക് ഒബ്രിയാൻ പരിഹസിച്ചു.

നിലവിലെ വർഷകാല സമ്മേളനത്തിൽ ലോക്സഭ ശരാശരി മൂന്നും നാലും മിനിറ്റുകൊണ്ട് പാസാക്കിയ ആറ് ബില്ലുകളുടെ വിവരങ്ങൾ അടങ്ങിയ ഗ്രാഫിക് ചിത്രം പങ്കുവെച്ചുകൊണ്ട് എക്സിലൂടെയായിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് ഭേദഗതി ബിൽ (3 മിനിറ്റ്), ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ (3 മിനിറ്റ്), അപ്രോപ്രിയേഷൻ നം. 3 ബിൽ (3 മിനിറ്റ്), സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ (4 മിനിറ്റ്), ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയൽ ഭേദഗതി ബിൽ (10 മിനിറ്റ്) തുടങ്ങിയ ബില്ലുകളാണ് മിനിറ്റുകൾക്കുള്ളിൽ പാസാക്കിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

പ്രതിപക്ഷമല്ല, മറിച്ച് കേന്ദ്ര സർക്കാരാണ് സഭാ നടപടികൾ തടസ്സപ്പെടുത്തുന്നതെന്ന് ഡെറക് ഒബ്രിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സത്യം പുറത്തുവരുന്നത് ഭയന്നാണ് ആഭ്യന്തരമന്ത്രി സഭയിൽ എത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. 20 വർഷം മുൻപ് 10-ൽ 6 ബില്ലുകൾ വരെ പാർലമെന്ററി കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് രണ്ടിൽ താഴെയായി കുറഞ്ഞുവെന്നും നിയമനിർമ്മാണങ്ങളിലെ സൂക്ഷ്മപരിശോധന ദുർബലമായെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാർലമെന്ററി ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാണ് സഭയിൽ എല്ലാ നിയമനിർമ്മാണ നടപടികളും നടക്കുന്നതെന്നാണ് ആരോപണങ്ങളോട് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

 

 

Related Articles

- Advertisement -spot_img

Latest Articles