എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതര ആലാപനം: സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി; പ്രചാരണം തള്ളി കോൺഗ്രസ്

ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചപ്പോൾ സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചു എന്നാരോപിച്ച് ബി.ജെ.പി രാഷ്ട്രീയ നീക്കം ശക്തമാക്കുന്നു. കോൺഗ്രസ് ദേശീയഗീതത്തെ അപമാനിച്ചെന്നും സോണിയാ ഗാന്ധി പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സൈബർ സെൽ വൻ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടത്തുന്നത്. അടുത്തിടെ പാസാക്കിയ വന്ദേമാതരം നിയമത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയഗീതാലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ സോണിയാ ഗാന്ധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.

എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് രംഗത്തെത്തി. ഏറെനേരം എഴുന്നേറ്റുനിന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരുന്ന് വിശ്രമിക്കാനായി ഒരു കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയാ ഗാന്ധി ചെയ്തതെന്നും, അല്ലാതെ ആലാപനം തടയാൻ ശ്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിശദീകരിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി തന്നെയാണ് ആലപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം നിയമപരമായി നേരിടേണ്ട സാഹചര്യം മുന്നിൽക്കണ്ട് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നിയമവിഭാഗം മേധാവിയുമായ അഭിഷേക് മനു സിങ്‌വിയുമായി പാർട്ടി നേതാക്കൾ പ്രാഥമിക കൂടിയാലോചന നടത്തിയിട്ടുണ്ട്. സംഭവം വിവാദമായെങ്കിലും വിഷയത്തിൽ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

 

Related Articles

- Advertisement -spot_img

Latest Articles