വിദ്യാർത്ഥി പ്രതിഷേധക്കാരുടെ എഫ്.ഐ.ആർ പിൻവലിക്കുന്നതിൽ വീഴ്ച: കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി സി.ജെ.പി

ന്യൂഡൽഹി: പൂർവ്വ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിലും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുന്നതിലും കേന്ദ്രസർക്കാർ ബോധപൂർവം കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ചു കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും മറ്റ് സംഭവങ്ങളും അന്വേഷിക്കാൻ സുപ്രീം കോടതി രൂപീകരിക്കുന്ന ഉന്നതാധികാര സമിതിയിൽ തങ്ങളുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ഡൽഹിയിൽ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ജന്തർ മന്തർ പ്രതിഷേധത്തിലുണ്ടായ പോലീസ് നടപടിയെക്കുറിച്ചുള്ള കേസിൽ, റദ്ദാക്കാവുന്ന എഫ്.ഐ.ആറുകളുടെ പട്ടിക സമർപ്പിക്കാൻ കോടതി മൂന്ന് തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് വിമുഖതയാണുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര ജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് അന്വേഷണത്തിന് സമിതിയെ നിശ്ചയിക്കാൻ നിർദേശിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്, വിരമിച്ച ഡി.ജി.പി എന്നിവരടങ്ങിയതാണ് സമിതി.

ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കണമെന്ന് സി.ജെ.പിക്കായി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. നീറ്റ് പരീക്ഷാ തട്ടിപ്പ് മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കണമെന്നും, അല്ലാത്തപക്ഷം ദേശീയ പ്രവർത്തക സമിതി യോഗം ചേർന്ന് ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles