ദമ്മാം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ രചിച്ച ‘ആർദ്രമായ് സ്നേഹമായ് ‘എന്ന പുസ്തകത്തെ ആസ്പദമാക്കി ഐസിഎഫ് ദമ്മാം റീജിയൻ ആർദ്രം-സ്നേഹസംഗമം സംഘടിപ്പിച്ചു.
പ്രവാചകരുടെ സന്ദേശങ്ങൾ ആസ്പദമാക്കി രചിച്ച പുസ്തകം ഗാന്ധിജയന്തിയിൽ ചർച്ച ചെയ്യുന്നതിൽ ഏറെ പ്രസക്തിയുണ്ടെന്നും മഹാന്മാരുടെ ജീവിതത്തിലേക്ക് മടങ്ങുകയാണ് പുതിയ കാലത്തെ ആസുരതകൾക്കുള്ള പരിഹാരമെന്നും സംഗമം അഭിപ്രായപെട്ടു. ഒരു കുടക്കീഴിലിരുന്ന് വിട്ടുവീഴ്ച മനോഭാവത്തോടെ ചർച്ച ചെയ്താൽ തീരാവുന്ന വിഷയങ്ങളെ പർവ്വതീകരിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിപത്ത് എന്നും വ്യക്തികൾ മുതൽ ലോകതലം വരെ അത് പടർന്ന് പിടിച്ചിരിക്കുന്നു എന്നും പരിഹാരങ്ങൾക്ക് ആർദ്രതയുള്ള ഇത്തരം സംവാദസദസ്സുകൾക്ക് വലിയ പ്രസക്തിയുണ്ടെന്നും സ്നേഹസദസ്സ് ഉദ്ഘോഷിച്ചു.

ജലം പോലെ ആർദ്രമാണ് നബി(സ്വ) ജീവിതദർശനമെന്നും അവിടുത്തെ ബഹുസ്വരതയുടെ ഉദാഹരണങ്ങളാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ വരച്ചുകാട്ടിയത് എന്നും പുസ്തകത്തിന്റെ ലളിതഭാഷ ഏവരെയും ആകർശിക്കുന്നതാണെന്നും പുസ്തകത്തിലെ പ്രമേയം സമൂഹത്തിലെ നിഖില മേഖലകളെയും സ്പർശിക്കുന്നതാണെന്നും ഇത്തരം ആഖ്യാനങ്ങൾ കൂടുതൽ ഉണ്ടാവണമെന്നും ചർച്ചയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു.
പാരഗൺ റെസ്റ്ററെന്റിൽ നടന്ന പരിപാടിയിൽ ഐസിഎഫ് ദമ്മാം റീജിയൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് പ്രസിഡന്റ് സലീം സഅദി താഴേക്കോട് അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് ആമുഖ പ്രഭാഷണം നടത്തി. അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രധാനഅദ്ധ്യാപകൻ പ്രദീപ് നീലാഞ്ചേരി, എഴുത്തുകാരൻ സജിത്ത് വാണിയമ്പലം, അഖിൽ, അൻവർ തഴവ എന്നിവർ പ്രസംഗിച്ചു. റീജിയൻ ഹാർമണി & എമിനെൻസ് സെക്രട്ടറി അഷ്റഫ് ചാപ്പനങ്ങാടി ഉപസംഹാര പ്രഭാഷണം നടത്തി. റീജിയൻ സംഘടന സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും ഹർഷദ് എടയന്നൂർ നന്ദിയും പറഞ്ഞു.



