ഓപ്പറേഷൻ തൂഫാൻ: പെരുമ്പാവൂരിൽ ഹെറോയിനുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

കൊച്ചി: ലഹരി മാഫിയക്കെതിരെ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിലായി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്‌ലാം (34) ആണ് 6.5 ഗ്രാം ഹെറോയിനുമായി പോലീസിന്റെ പിടിയിലായത്.

വല്ലത്ത് വിൽപനയ്ക്കായി ലഹരിമരുന്നുമായി നിൽക്കുമ്പോഴാണ് ഇയാളെ പോലീസ് വളഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നും ബസിലാണ് വല്ലത്ത് എത്തിയതെന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് ലഹരിമരുന്ന് കൈമാറിയവരെയും ഇയാളിൽ നിന്ന് പതിവായി ലഹരി വാങ്ങുന്നവരെയും കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസ്.ഐമാരായ എം.വി. അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ.എൽ. അർജുൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയ്, സിബിൻ സണ്ണി, ഫാസിൽ, സന്ധ്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles