ഇസ്രയേൽ കുറ്റകൃത്യങ്ങളിൽ ബ്രിട്ടണും ഫ്രാൻസും പങ്കാളികൾ: ഇറാന്റെ വിമർശനം; നടപടി വേണമെന്ന് മുൻ നയതന്ത്രജ്ഞർ

ടെഹ്‌റാൻ: ഇസ്രയേൽ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവാനും സഹകരിക്കാനും ബ്രിട്ടണും ഫ്രാൻസും മനപ്പൂർവം തീരുമാനിച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഘാരിബാബാദി. ഇസ്രഈലിന് തുടർച്ചയായി ആയുധങ്ങൾ അയച്ചുകൊണ്ടും വിവിധ പിന്തുണകൾ നൽകിക്കൊണ്ടും ഇരുരാജ്യങ്ങളും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. ‘സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു’ എന്ന വാചകത്തിന് പിന്നിൽ ബ്രിട്ടനും ഫ്രാൻസും മറഞ്ഞിരിക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ നയം ഫലസ്തീൻ ജനതയുടെ വംശീയ ഉന്മൂലനത്തിലേക്കും ഫലസ്തീനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്നതിലേക്കും നയിക്കുന്നതായി ചൂണ്ടിക്കാണിച്ച് നൂറിലധികം ബ്രിട്ടീഷ്, ഫ്രഞ്ച് മുൻ നയതന്ത്രജ്ഞർ ഇരു സർക്കാരുകൾക്കും തുറന്ന കത്തെഴുതിയിരുന്നു. ഇസ്രഈലിനെതിരെ സംയുക്ത ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 102 മുൻ നയതന്ത്ര പ്രതിനിധികൾ എഴുതിയ കത്ത് പരാമർശിച്ചാണ് ഘാരിബാബാദി എക്‌സിൽ പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയിലെ മുൻ ബ്രിട്ടീഷ് അംബാസഡർമാരായ ജെറമി ഗ്രീൻസ്റ്റോക്ക്, എമിർ ജോൺസ് പാരി, മുൻ ഫ്രഞ്ച് മിഡിൽ ഈസ്റ്റ് ഡയറക്ടർമാരായ യെവ്സ് ഓബിൻ ഡി ലാ മെസ്സുസിയർ, ഡെനിസ് ബൗച്ചാർഡ് അടക്കമുള്ള പ്രമുഖരാണ് കത്തിൽ ഒപ്പുവെച്ചിട്ടുള്ളത്.

ഇസ്രയേലിലേക്കും തിരിച്ചുമുള്ള ആയുധ കൈമാറ്റവും ഉഭയകക്ഷി സൈനിക സഹകരണവും നിർത്തിവെക്കുക, വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരുമായുള്ള വ്യാപാരം നിരോധിക്കുക, അന്താരാഷ്ട്ര കോടതികളുടെ തീരുമാനങ്ങൾ നടപ്പിലാക്കുക, ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക എന്നിവയടക്കം ഏഴ് നിർണായക ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ-ഇസ്രയേൽ അസോസിയേഷൻ കരാറും യു.കെ-ഇസ്രയേൽ വ്യാപാര പങ്കാളിത്ത കരാറും താൽക്കാലികമായി നിർത്തിവെക്കണമെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുൻ നയതന്ത്രജ്ഞർ ആവശ്യപ്പെട്ടു. ഇത്തരം നടപടികളിലേക്ക് കടന്നാൽ മാത്രമേ നയതന്ത്ര രംഗത്തെ ഇരട്ടത്താപ്പ് ആരോപണങ്ങളിൽ നിന്ന് ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകൾക്ക് ഒഴിവാകാൻ സാധിക്കൂ എന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു.

Related Articles

- Advertisement -spot_img

Latest Articles