തൃശൂർ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയിലേക്ക് മാറുന്നു. ടി.വി.കെ നേതാക്കളുമായി ദേവൻ നടത്തിയ പ്രാഥമിക ചർച്ച പൂർത്തിയായി. പാർട്ടിയുടെ കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് ദേവന് മുന്നിൽ വച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അന്തിമ തീരുമാനം ടി.വി.കെ അധ്യക്ഷൻ വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും. സെപ്റ്റംബർ 10-ന് ചെന്നൈയിൽ വിജയുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിന് ശേഷം പാർട്ടി പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ദേവൻ അറിയിച്ചു. തമിഴ്നാട് നിയമസഭാ സമ്മേളനം സെപ്റ്റംബർ 8 വരെ നടക്കുന്നതിനാലാണ് കൂടിക്കാഴ്ച ഈ തീയതിയിലേക്ക് മാറ്റിയത്.
ചാലക്കുടിയിലെ ദേവന്റെ വസതിയിലെത്തി രണ്ട് ദിവസം മുമ്പാണ് ടി.വി.കെ നേതാക്കൾ ചർച്ച നടത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയിയുടെ നിർദേശപ്രകാരം ചെന്നൈയിലെ പാർട്ടി നേതൃത്വവുമായി വീഡിയോ കോൺഫറൻസിലൂടെയും അദ്ദേഹം സംസാരിച്ചു. വിജയിയുമായി നേരത്തെ തന്നെ അടുത്ത ബന്ധമുള്ള ദേവൻ, തമിഴ്നാട്ടിൽ വിജയ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുണ്ടെന്നും അറിയിച്ചു. നടി പ്രിയങ്കയുടെ ഇടപെടലിലൂടെയാണ് ടി.വി.കെ നേതാക്കൾ ദേവനെ സമീപിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടി.വി.കെ കേരളത്തിലെ പ്രധാന ചുമതലയിലേക്ക് ദേവനെ പരിഗണിക്കുന്നത്. എന്നാൽ ടി.വി.കെയിൽ ചേരാനുള്ള നീക്കം മുൻകൂട്ടി കണ്ടല്ല ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതെന്നും ദേവൻ വ്യക്തമാക്കി.



