സഹോദരനെ അന്വേഷിച്ചെത്തിയ പോലീസുകാർ 23 കാരൻറെ ജനനേന്ദ്രിയം ഞെരിച്ചുടച്ചതായി പരാതി

പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ 23-കാരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം ഞെരിച്ചുടച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മെയ് 29-ന് വൈകിട്ട് കൂട്ടുകാരനുമായി സംസാരിച്ചു നിൽക്കവെ സ്വിഫ്റ്റ് കാറിലെത്തിയ പോലീസ് സംഘം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ബലമായി വണ്ടിയിൽ വലിച്ചുകയറ്റുകയുമായിരുന്നു.

ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ കാറിന്റെ ഗ്ലാസുകൾ അടച്ച് ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്ത ശേഷമായിരുന്നു ക്രൂരമർദനം. കൈകൾ കെട്ടിവെച്ച് തുടയിൽ കാൽ അമർത്തിവെച്ച് ഫൈസൽ എന്ന പോലീസുകാരന്റെ നേതൃത്വത്തിൽ ജനനേന്ദ്രിയം കൈവിരലുകൾ ഉപയോഗിച്ച് ഞെരിച്ചുടച്ചുവെന്നും വേദനകൊണ്ട് അലറിവിളിച്ച തന്റെ മൂക്കിലും വയറ്റിലും ഇടിച്ച് പരിക്കേൽപ്പിച്ചതായും യുവാവ് പറഞ്ഞു. പരിശോധിച്ച ഡോക്ടർ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക പറ്റിയിട്ടുണ്ടെന്നും ഭാവിയിൽ കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്നും വ്യക്തമാക്കി നിയമനടപടിയുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയായിരുന്നു.

സംഭവത്തിൽ ശാസ്താംകോട്ട ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും മൊഴിയെടുക്കാൻ സ്റ്റേഷനിൽ വിളിച്ച വരുത്തിയപ്പോൾ ജാതി അധിക്ഷേപവും വൃഷണം ഞെരിച്ച വിവരങ്ങളും ഒഴിവാക്കി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും യുവാവ് ആരോപിച്ചു. തുടർന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി എന്നിവർക്ക് നേരിട്ട് പരാതി നൽകി. കംപ്ലൈന്റ്സ് അതോറിറ്റിയിൽ ഹിയറിംഗിന് ഹാജരായപ്പോൾ പ്രതികളായ പോലീസുകാരെ യുവാവ് തിരിച്ചറിയുകയും ആരോപണങ്ങൾക്ക് തെളിവുണ്ടെന്ന് അതോറിറ്റി ജഡ്ജ് നിരീക്ഷിക്കുകയും ചെയ്തു. വിശദമായ റിപ്പോർട്ടിനായി കേസ് അടുത്ത മാസത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ വകുപ്പുതല നടപടിയോ പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണമോ ഉണ്ടായിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles