ട്രെയിനിൽ മദ്യപിക്കാൻ വിസമ്മതിച്ച മദ്രസ വിദ്യാർത്ഥിക്ക് ക്രൂരമർദനം: പണവും ഫോണും കവർന്നു

ലഖ്‌നൗ: ട്രെയിൻ യാത്രയ്ക്കിടെ മദ്യം കഴിക്കാൻ വിസമ്മതിച്ച മദ്രസ വിദ്യാർത്ഥിയെ മദ്യപസംഘം ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും ദയൂബന്ദിലേക്ക് പോവുകയായിരുന്ന മൻതാസിർ എന്ന വിദ്യാർത്ഥിക്കാണ് ദാരുണമായ അനുഭവം നേരിട്ടത്. മർദനത്തിന് ഇരയായ വിദ്യാർത്ഥിയുടെ പണവും മൊബൈൽ ഫോണും കവർന്ന സംഘം ഖതൗലി സ്റ്റേഷനിൽ വെച്ച് ഇയാളെ ബലമായി പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.

ട്രെയിനിൽ വെച്ച് മദ്യപിക്കുകയായിരുന്ന അക്രമി സംഘം വിദ്യാർത്ഥിയോട് മദ്യം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഇത് നിരസിച്ച് മറ്റൊരു കോച്ചിലേക്ക് മാറിയ വിദ്യാർത്ഥിയെ സംഘം പിന്തുടരുകയും അസഭ്യം പറഞ്ഞ് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തുടർന്നാണ് വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്.

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കാരായ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയരുന്നുണ്ട്. മുൻപ് ഏപ്രിലിൽ ബറേലി റെയിൽവേ സ്റ്റേഷന് സമീപം ബിഹാർ സ്വദേശിയായ മൗലാന തൗസീഫ് റസാ മജ്ഹരി എന്ന മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. കള്ളനാണെന്ന് ആരോപിച്ച് ആളുകൾ ആക്രമിക്കുകയാണെന്നും താൻ കള്ളനല്ല മദ്രസ അധ്യാപകനാണെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഭാര്യയ്ക്ക് ചെയ്ത വീഡിയോ കോളിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles