മണിപ്പൂരിൽ വീണ്ടും ആക്രമണം; നാഗാ ഗ്രാമങ്ങളിൽ 30 വീടുകൾ കത്തിച്ചു, വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ വീണ്ടും വൻ വർഗ്ഗീയ സംഘർഷവും ആക്രമണങ്ങളും രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ മൂന്ന് ലിയാങ്‌മൈ നാഗാ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ സംഘം 30-ലേറെ വീടുകൾക്ക് തീവെക്കുകയും ഒരു ഗ്രാമവാസിക്ക് വെടിയേൽക്കുകയും ചെയ്തു. താപോൺ ഖുള്ളൻ, താപോൺ ഖുനൗ, മകുയി പിപുരം എന്നീ ഗ്രാമങ്ങളിലാണ് കവർച്ചയും തീവെപ്പും വെടിവെപ്പും നടന്നത്. വിവരം അറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തിയ ശേഷവും മണിക്കൂറുകളോളം പരസ്പരം ശക്തമായ വെടിവെപ്പ് തുടരുകയായിരുന്നു. ഉച്ചയ്ക്ക് 12.30-ഓടെയാണ് പ്രദേശത്ത് സ്ഥിതിഗതികൾ ഭാഗികമായി നിയന്ത്രണവിധേയമാക്കാൻ സൈന്യത്തിന് സാധിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ വീടുകൾക്ക് പുറമെ വാഹനങ്ങൾക്കും മറ്റ് വസ്തുവകകൾക്കും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വെടിയേറ്റ ഗ്രാമവാസിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി മണിപ്പൂർ പോലീസിനൊപ്പം സി.ആർ.പി.എഫ്, കോബ്ര വിഭാഗങ്ങളെയും വിന്യസിക്കുകയും തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) കാങ്‌പോക്‌പി ജില്ലയിലെ തെയ്ഖാങ് കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് കുക്കി സിവിലിയന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയെന്നോണം നാഗാ ഗ്രാമങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ഇംഫാൽ-തമെങ്‌ലോങ് റോഡ് മേഖലയിൽ കുക്കി-സോ, നാഗാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മെയ് 13-ന് ശേഷം മേഖലയിലുണ്ടായ വിവിധ അക്രമസംഭവങ്ങളിലായി ഇരു വിഭാഗങ്ങളിലുമായി 17 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഓഗസ്റ്റ് 27-നുണ്ടായ അക്രമത്തിൽ നാല് നാഗാ സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. നിലവിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles