വിശ്വാസ കാര്യങ്ങൾ തുറന്നുപറയാനുള്ള ജനാധിപത്യ അവകാശം ആർക്കും റദ്ദാക്കാനാകില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ജീവിതത്തിന്റെ വിവിധ മേഖലകളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കങ്ങളും നിരന്തരം ഉണർത്തേണ്ടത് പണ്ഡിതന്മാരുടെയും പ്രബോധകരുടെയും ദൗത്യമാണെന്നും വിശ്വാസ കാര്യങ്ങൾ തുറന്നുപറയാനുള്ള ജനാധിപത്യപരമായ അവകാശം ആർക്കും റദ്ദാക്കാനാകില്ലെന്നും ആരോഗ്യകരമായ സംവാദങ്ങളും നിർമ്മാണാത്മകമായ അജണ്ടകളുമാണ് സമൂഹത്തിൽ വികസിക്കേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ആത്യന്തിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ വ്യവഹാരങ്ങളെയും നിലപാടുകളെയും അടുത്തറിയാനും മുൻവിധികളില്ലാതെ മനസ്സിലാക്കാനും പൊതുസമൂഹം തയ്യാറാകണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. മാനവികതയിലും നീതിയിലും അധിഷ്ഠിതമായ സമഗ്രമായ ഒരു സാംസ്‌കാരിക-സാമൂഹിക നാഗരിക മുന്നേറ്റമാണ് പ്രവാചകൻ സാധ്യമാക്കിയത്. സാമൂഹിക തലത്തിൽ സാഹോദര്യവും സ്‌നേഹവും സമത്വവും സ്ഥാപിക്കാൻ ഇസ്‌ലാമിന് സാധിച്ചുവെന്നും, പ്രത്യേകിച്ച് സ്ത്രീകൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും മതം വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധങ്ങളും സംഘർഷങ്ങളും മൂല്യച്ച്യുതിയും ഉണ്ടാക്കുന്ന കടുത്ത പ്രതിസന്ധികളിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ഈ പ്രതിസന്ധികളെ അതിജീവിക്കാൻ മിതവ്യയവും സ്വയംപര്യാപ്തതയും ശീലമാക്കണമെന്നും സമാന്തര സാമ്പത്തിക ക്രമവും സാമൂഹിക സൗഹാർദ്ദവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഇത്തരം വെല്ലുവിളികൾക്കുള്ള പ്രായോഗിക ബദലുകളും മാതൃകകളും പ്രവാചക ജീവിതത്തിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..

Related Articles

- Advertisement -spot_img

Latest Articles