അൽ അഹ്സ: ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ – 55) സൗദി അറേബ്യയിലെ അൽ അഹ്സയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതരായ സക്കറിയയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. 32 വർഷമായി പ്രവാസിയായ കുഞ്ഞുമോൻ സക്കറിയ കഴിഞ്ഞ 15 വർഷമായി മുബാറസ് നിസാഇ പോളിക്ലിനിക്കിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനു മുൻപ് 16 വർഷത്തോളം മറ്റൊരു ക്ലിനിക്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതനായ കുഞ്ഞുമോൻ സക്കറിയ പൊതുരംഗത്ത് സൗമ്യനും ശാന്തസ്വഭാവക്കാരനുമായി അറിയപ്പെട്ടിരുന്ന നല്ലൊരു സാമൂഹിക പ്രവർത്തകനും നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗവുമായിരുന്നു. ഭാര്യ പ്രീതി ഭർത്താവ് ജോലി ചെയ്തിരുന്ന അതേ ക്ലിനിക്കിൽ തന്നെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സക്കറിയ മാർട്ടിൻ, സാന്ദ്ര മറിയ മാർട്ടിൻ, ജോർജ് മാർട്ടിൻ എന്നിവരാണ് മക്കൾ.
നിലവിൽ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. നിയമനടപടികൾ വേഗത്തിലാക്കാൻ നവോദയ സാംസ്കാരിക വേദിയുടെ കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്.



