യു.എസ് ഉപരോധം കാരണം 800 കോടി ഡോളറിലധികം നഷ്‌ടം; അമേരിക്കയുമായി ചർച്ചകളില്ലെന്ന് ക്യൂബ

ഹവാന: യു.എസ് സാമ്പത്തിക ഉപരോധം കാരണം രാജ്യത്തിന് ഒരു വർഷത്തിനിടെ 800 കോടി ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടായെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്രസ് പരീല വ്യക്തമാക്കി. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

അമേരിക്കയുടെ ഉപരോധ നയം ക്യൂബൻ ജനതയ്ക്ക് മേലുള്ള ക്രൂരമായ ശിക്ഷയാണെന്നും ഇത് രാജ്യത്തെ വൈദ്യുതി, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ രാജ്യത്ത് മണിക്കൂറുകളോളം പവർകട്ട് നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും ലഭ്യതക്കുറവ് വൻ തിരിച്ചടിയായിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഉടൻ തന്നെ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ക്യൂബ വീണ്ടും ഉന്നയിക്കുമെന്നും ബ്രൂണോ റോഡ്രിഗ്രസ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles