റിയാദ്: സ്വന്തം സ്പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികളെ സ്വയം ജോലികൾ കണ്ടെത്താനോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ അനുവദിക്കുന്ന തൊഴിലുടമകൾക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, അഞ്ചു വർഷത്തേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പ്രവാസികളും തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ‘911’ എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ‘999’ എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.
അതേസമയം, തൊഴിൽ അഭിമുഖം നടത്തി 30 ദിവസത്തിനുള്ളിൽ അപേക്ഷകരെ അതിന്റെ ഫലം അറിയിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിർദിഷ്ട സമയപരിധിക്കുള്ളിൽ ഫലം അറിയിക്കാത്തത് തൊഴിൽ നിയമങ്ങളുടെയും മന്ത്രിതല ഉത്തരവുകളുടെയും നഗ്നമായ ലംഘനമാണ്. ഇത്തരം വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



