ഖാർഗെയ്‌ക്കെതിരായ ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധം ഇരമ്പുന്നു: കോൺഗ്രസ് എം.പിമാരെ ഡൽഹി പോലീസ് തടഞ്ഞു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തിൽ പരാതി നൽകാനെത്തിയ പാർലമെന്റ് അംഗങ്ങളെ ഡൽഹി പോലീസ് തടഞ്ഞത് വൻ പ്രതിഷേധത്തിന് വഴിതെളിച്ചു. എസ്.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട പതിനഞ്ചോളം കോൺഗ്രസ് എം.പിമാർ പരാതി സമർപ്പിക്കാനായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പോലീസ് നടപടി. ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ് എം.പിമാർ പ്രതിഷേധ മാർച്ചുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷന് മുന്നിലെത്തിയ ജനപ്രതിനിധികളെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്നതോടെ എം.പിമാർ ഗേറ്റിന് പുറത്ത് മുദ്രാവാക്യം വിളികളോടെ ശക്തമായി പ്രതിഷേധിച്ചു.

തുടർന്ന് ബഹളമയമായ അന്തരീക്ഷം രൂപപ്പെടുകയും, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിൽ എം.പിമാരെ പരാതി നൽകുന്നതിനായി സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞതിന് പിന്നാലെ, ചിലർ വേദിയിൽ ചാണക വെള്ളം തളിച്ചും പൂജകൾ നടത്തിയും ‘ശുദ്ധീകരണം’ നടത്താൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് അധ്യക്ഷന്റെ ദളിത് പശ്ചാത്തലത്തെ ലക്ഷ്യം വെച്ചുള്ള ഈ നീക്കത്തിൽ കുറ്റക്കാർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അക്രമ നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ ഡൽഹി പോലീസിനെ സമീപിച്ചത്.

സംഭവത്തിൽ ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേരത്തെ തന്നെ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് പോലീസ് തയ്യാറായിട്ടില്ല. എന്നാൽ, വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുകയും ജാതീയതയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേ വിഷയത്തിൽ കർണാടകത്തിലും നേരത്തെ പോലീസ് എഫ്.ഐ.ആർ ഇട്ടിരുന്നു.

വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് നിവേദനം നൽകാൻ എസ്.സി, എസ്.ടി എം.പിമാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡൽഹിയിലെ ഇന്ദിരാഭവനിൽ പ്രത്യേക യോഗം ചേരുകയും ചെയ്തു. എന്നാൽ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി ലഭ്യമായിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles