ലക്‌നോ: ജില്ലാ കളക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജില്ലാ മജിസ്‌ട്രേറ്റിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മുൻ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഹുദ സാരിവാലയെ പോലീസ് അറസ്റ്റ് ചെയ്തു. ദുഷ്യന്ത് സിങ് എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദർ ബസാർ പോലീസാണ് കേസെടുത്ത് നടപടി സ്വീകരിച്ചത്. പ്രദേശത്തെ ക്രമസമാധാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.
തിങ്കളാഴ്ച സഹാറൻപൂർ സർക്യൂട്ട് ഹൗസിലെത്തിയ ഹുദ, സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം പോകുന്നതിനെച്ചൊല്ലി പോലീസുമായി വാക്കേറ്റമുണ്ടായിരുന്നു. ഇവരെ മാറ്റാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ തർക്കം രൂക്ഷമായി. ഇതിന് പിന്നാലെയാണ് കളക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച വിഷയത്തിൽ മുഖ്യമന്ത്രിയെയും ജില്ലാ ഭരണകൂടത്തെയും വിമർശിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വീഡിയോ പ്രദേശത്തെ മതസൗഹാർദം തകർക്കാൻ ഇടയാക്കുമെന്നാണ് പരാതിക്കാരനായ അഭിഭാഷകന്റെ ആരോപണം.
പരാതി ഉയർന്നതിന് പിന്നാലെ ഹുദ സാരിവാലയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയക്കുകയും ചെയ്തു. പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സഹാറൻപൂർ എസ്.എസ്.പി അഭിനന്ദൻ സിങ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജവാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാൻ പ്രത്യേക ഓൺലൈൻ സംഘം രംഗത്തുണ്ട്. ഇതേ വിഷയത്തിൽ മറ്റ് ചില വീഡീയോകൾ പങ്കുവെച്ചവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



