ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ അയിത്തം കൽപിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി പോലീസും ഉത്തരാഖണ്ഡ് പോലീസുമാണ് സംഭവത്തിൽ കേസ് എടുത്തത്. വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസിലെ ഇരുപതോളം വരുന്ന എസ്.സി, എസ്.ടി എം.പിമാർ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്. ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി, മല്ലു രവി എം.പി, എ.ഐ.സി.സി സെക്രട്ടറിയും എസ്.സി-എസ്.ടി വിഭാഗം ദേശീയ കോഓർഡിനേറ്ററുമായ കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് എം.പിമാരുടെ സംഘം പോലീസ് സ്റ്റേഷനിൽ എത്തിയത്. രാജ്യത്ത് എവിടെ നടന്ന കുറ്റകൃത്യത്തിലും ഏത് സ്റ്റേഷനിലും പരാതി നൽകാനും കേസ് രജിസ്റ്റർ ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ‘സീറോ എഫ്.ഐ.ആർ’ (Zero FIR) നിയമപ്രകാരമാണ് ഡൽഹിയിൽ പരാതി സമർപ്പിച്ചത്.
അതേസമയം, ഖാർഗെയ്‌ക്കെതിരായ ജാതീയ അധിക്ഷേപ വിഷയത്തിൽ നേരിട്ട് നിവേദനം നൽകാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ അനുമതി തേടിയ കോൺഗ്രസ് എം.പിമാർക്ക് ഇതുവരെ രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകിയിട്ടില്ല. ഇതിനെതിരെയും ജനപ്രതിനിധികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.



