ടെഹ്റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നിഴൽയുദ്ധവും സൈനിക ഏറ്റുമുട്ടലുകളും അതീവ ഗുരുതര അവസ്ഥയിലേക്ക്. ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ, സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു. റവല്യൂഷനറി ഗാർഡ് (IRGC) പിടിച്ചെടുത്ത ഈ അന്തർവാഹിനിയുടെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ സൈന്യത്തിൽ നിന്ന് കടുത്ത ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം തുടരുകയാണ്. ഇരുപതിലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ജോർദാനിലെ കേന്ദ്രങ്ങള ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്.
അതിനിടെ, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധവും സൈനിക സമ്മർദ്ദവും കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഉപരോധ ഭീഷണികൾ നിലനിൽക്കെത്തന്നെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനങ്ങളുടെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, മേഖലയിൽ കടുത്ത ഭീതി പരത്തി യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.



