സൗദി തൊഴിൽ വിസ സ്റ്റാമ്പിംഗ് ചെലവേറും: സ്‌കിൽ ടെസ്റ്റ് ഫീസ് വർധിപ്പിച്ചു; പരീക്ഷ നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നേക്കും. വിസ സ്റ്റാമ്പിംഗിന് മുൻപായി പൂർത്തിയാക്കേണ്ട സ്‌കിൽ വെരിഫിക്കേഷൻ ടെസ്റ്റിന്റെ (Skill Verification Program – SVP) ഫീസ് ഉയർന്നതാണ് തൊഴിലന്വേഷകർക്ക് തിരിച്ചടിയാവുന്നത്. മുൻപ് ഇതിനായി ഏകദേശം അയ്യായിരം രൂപയോളം ചെലവ് വന്നിരുന്ന സ്ഥാനത്ത് നിലവിൽ ഇരട്ടിയിലധികം തുക ഫീസായി നൽകേണ്ടിവരുമെന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. മറ്റ് ചാർജുകൾ കൂടി ചേരുമ്പോൾ സ്‌കിൽ ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് മാത്രമായി പന്ത്രണ്ടായിരത്തോളം രൂപയോളം ചെലവ് വരും.

സൗദിയിലേക്ക് പോകുന്ന ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വിവിധ തരം തൊഴിൽ വിസകൾക്ക് സ്‌കിൽ ടെസ്റ്റ് വെരിഫിക്കേഷൻ നിലവിൽ നിർബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് തീയതിയും പരീക്ഷാ കേന്ദ്രവും തിരഞ്ഞെടുത്ത് നേരിട്ടെത്തി തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കണം. ഈ പരിശോധനയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ വിസ സ്റ്റാമ്പിംഗ് നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.

സൗദി തൊഴിൽ വിപണി ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികളുടെ തൊഴിൽ നൈപുണ്യവും യോഗ്യതയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്. ടെസ്റ്റിൽ വിജയിക്കാത്തവരുടെ റിക്രൂട്ട്‌മെന്റ് കരാറുകൾ ഏജൻസികൾ നിരസിക്കുകയും പകരം യോഗ്യതയുള്ള മറ്റൊരാളെ കണ്ടെത്തുകയും വേണം. യോഗ്യരായ തൊഴിലാളികൾക്ക് മാത്രം വിസ ലഭ്യത ഉറപ്പാക്കാനും റിക്രൂട്ട്‌മെന്റ് പ്രക്രിയ സുഗമമാക്കാനുമാണ് സൗദി അധികൃതർ ഈ സംവിധാനം കർശനമാക്കിയിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles