ലണ്ടൻ/റിയാദ്: അധിനിവിഷ്ട ഫലസ്തീൻ ഭൂമിയിലെ ഇസ്രായേലി അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിയെ സ്വാഗതം ചെയ്ത് കൂടുതൽ രാജ്യങ്ങൾ സമാനമായ ഉപരോധങ്ങൾ നടപ്പിലാക്കണമെന്ന് എട്ട് അറബ്-മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളെയും വ്യക്തികളെയും അന്താരാഷ്ട്ര സമൂഹം കൃത്യമായി വിചാരണ ചെയ്യുകയും ഉത്തരവാദികളാക്കുകയും വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ വ്യാപനത്തിനും ഫലസ്തീൻ നിവാസികൾക്ക് നേരെ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾക്കുമെതിരെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി യുകെ നിരോധിച്ചത്.
ബ്രിട്ടന്റെ ഈ ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ ഫ്രാൻസും കാനഡയും ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഡെൻമാർക്ക്, പോർച്ചുഗൽ എന്നിവയുൾപ്പെടെ ഒൻപത് രാജ്യങ്ങൾ ബ്രിട്ടന്റെ ഈ നടപടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടർന്ന് കൂടുതൽ രാജ്യങ്ങൾ ഉപരോധത്തിലേക്ക് കടക്കുന്നത് അനധികൃത കുടിയേറ്റങ്ങൾക്ക് തടയിടാൻ സഹായിക്കുമെന്നാണ് അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ വിലയിരുത്തൽ.



