സ്ത്രീകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസ്

കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ ‘എക്സ് മുസ്‌ലിം’ സംഘടനാ നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ പോലീസ് കേസെടുത്തു. പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചക്കരക്കല്ല് പോലീസാണ് കേസെടുത്തിരിക്കുന്നത്.

അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. മുസ്‌ലിം സ്ത്രീകളെയും അബ്ദുല്ല ബാസിലിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ആരിഫ് ഹുസൈൻ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും പ്രദേശത്ത് മനപ്പൂർവം സൈബർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിഷയത്തിൽ സമർപ്പിച്ച പരാതി പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി.ജി.പി ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചിരുന്നതായി അബ്ദുല്ല ബാസിൽ മുൻപ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ഇത്തരം കടന്നാക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles