പാലത്തായി പോക്സോ കേസ്: സർക്കാർ സുപ്രീം കോടതിയിലേക്ക്; ഡി.ജി.പിയുടെ നിയമോപദേശം

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. സുപ്രീം കോടതിയെ സമീപിക്കാനുള്ള അപ്പീൽ സാധ്യത ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഓഫീസ് സർക്കാരിന് നിയമോപദേശം നൽകി. അടുത്ത ആഴ്ച തന്നെ സർക്കാർ ഇത് സംബന്ധിച്ച ഹരജി ഫയൽ ചെയ്യുമെന്നാണ് സൂചന.

സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന നടപടിക്രമങ്ങളുമായി ഡി.ജി.പി ഓഫീസ് മുന്നോട്ട് പോവുകയാണ്. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലിന് പുറമെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ അപ്പീൽ വാദത്തിനായി ചുമതലപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. കേസിൽ ഇരയായ പെൺകുട്ടിയുടെ കുടുംബവും സുപ്രീം കോടതിയിൽ കക്ഷിചേരുമെന്നാണ് വിവരം. പാലത്തായിയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കുനിയിൽ പത്മരാജന് തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 20-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിൽ പ്രോസിക്യൂഷനും സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. കേസ് ഗൗരവമായി കാണാതെ ഗവ. പ്ലീഡറെ മാത്രം ചുമതലപ്പെടുത്തിയ ഡി.ജി.പിയുടെ നടപടിയും വിചാരണ ഘട്ടത്തിലെ വീഴ്ചകളും രാഷ്ടീയ തലത്തിലും ചർച്ചയായി. തുടർന്ന് കേസിൽ പ്രമുഖ അഭിഭാഷകനെ തന്നെ നിയോഗിച്ച് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.

Related Articles

- Advertisement -spot_img

Latest Articles