സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; വിദ്വേഷ പോസ്റ്റുകൾ നീക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: നിരന്തരമായ അപകീർത്തിപ്പെടുത്തലിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള പീഡനത്തിനുമെതിരെ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രശസ്ത നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. തനിക്കെതിരെ സോഷ്യൽ മീഡിയ വഴി നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളും പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും ഇനിയും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി പരിഗണിച്ച കോടതി, മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് സനൽകുമാർ ശശിധരനെ വിലക്കി വിധി പുറപ്പെടുവിച്ചതായി നടിയുടെ അഭിഭാഷക അഡ്വ. ശാന്തി മായാദേവി അറിയിച്ചു.

സംവിധായകൻ സനൽകുമാർ ശശിധരൻ, ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്കറിയ, സോഷ്യൽ മീഡിയ ഭീമന്മാരായ ‘മെറ്റ’ (Meta) എന്നിവരെ എതിർകക്ഷികളാക്കിയാണ് മഞ്ജു വാര്യർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് ഈ മാസം 30-ന് കോടതി വീണ്ടും പരിഗണിക്കും. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില തൽപ്പരകക്ഷികളുടെയോ മാഫിയകളുടെയോ തടങ്കലിലാണ് അവരെന്നും അവകാശപ്പെട്ട് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ നിരന്തരം കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇതിനുപുറമെ, മലയാളത്തിലെ പ്രമുഖ നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ച് സനൽകുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവും ആരംഭിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും തനിക്കെതിരായ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമായിരുന്നു സനൽകുമാറിന്റെ വാദം.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ മുൻപ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലായിരുന്ന സനൽകുമാർ നടിയുടേതെന്ന പേരിൽ വ്യാജ ശബ്ദസന്ദേശമടക്കം പങ്കുവെച്ച് മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. ഇതിനുമുൻപും മഞ്ജു വാര്യരെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും 2022-ൽ പോലീസ് സനൽകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും അപകീർത്തികരമായ പരാമർശങ്ങളുമായി സനൽകുമാർ രംഗത്തെത്തിയത്. ഇതിനെതിരെയാണ് നടി ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles