ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 4 മുതൽ 10 വരെ ഏഴ് ദിവസത്തേക്കാണ് ഡൽഹി കർ കർഡൂമ അഡീഷണൽ സെഷൻസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡൽഹി പോലീസിന്റെ എതിർപ്പ് മറികടന്നാണ് ജസ്റ്റിസ് സമീർ ബജ്‌പേയിയുടെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഡൽഹിയിലും ബിഹാറിലുമായി നടക്കുന്ന രണ്ട് അടുത്ത ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ജാമ്യാപേക്ഷ നൽകിയതെന്ന് ഷർജീൽ ഇമാമിന്റെ അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം വ്യക്തമാക്കി. നേരത്തെ, കഴിഞ്ഞ മാർച്ച് മാസത്തിലും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കോടതി ഷർജീൽ ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കോടതിയുടെ വിശദമായ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഇത്തരം കേസുകളിൽ സാധാരണയായി മുന്നോട്ടുവെക്കാറുള്ള കർശനമായ ജാമ്യവ്യവസ്ഥകൾ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം അറിയിച്ചു. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലും വിദ്വേഷ പ്രസംഗ കേസുകളിലും പ്രതിയായി 2020 ജനുവരി മുതൽ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയാണ് ഷർജീൽ ഇമാം.



