മക്ക: മക്കയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ പ്രവാസി കൂട്ടായ്മയായ ‘നിലാവ്’ കുടുംബ സംഗമം ആഘോഷപൂർവ്വം സംഘടിപ്പിച്ചു. മക്കയിലെ ഉസൈനിയ ഇസ്തറാഹിൽ വെച്ച് നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും മുതിർന്നവർക്കായി വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും അരങ്ങേറി.
ചടങ്ങിനോടനുബന്ധിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിലാവ് കൂട്ടായ്മയിലെ മുതിർന്ന അംഗം ഷിഹാബുദ്ദീന് ഭാരവാഹികൾ ഉപഹാരം നൽകി യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യത്തെയും കൂട്ടായ്മയ്ക്ക് നൽകിയ സംഭാവനകളെയും ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
സംഗമത്തിനും അനുമോദന ചടങ്ങുകൾക്കും തൈപ്പറമ്പിൽ എസ്. സജിമോൻ, അനീഷ് റാവുത്തർ, അക്ബർ ഷാ, ഷാനവാസ്, നെജുമ, നഹിത റാഷിദ്, ഷഫിൻ, റിയാസ് വടക്കൻ, സജ്ജാദ്, സജീർ, സജീന ഇർഷാദ്, ഹാഷ്മി, ഫൗസി തുടങ്ങിയവർ നേതൃത്വം നൽകി.



