പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിക്കും രൂക്ഷമായ സംഘടനാ വിഭാഗീയതയ്ക്കും പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ നീക്കി. വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. പാലക്കാട് ചേർന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റണമെന്ന ശക്തമായ ആവശ്യമുയർന്നതും തുടർന്ന് അടിയന്തര നടപടിയുണ്ടായതും. നേതൃമാറ്റത്തിന് പുറമെ എട്ടുപേരെ പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.
സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പാർട്ടിയ്ക്ക് വലിയ രീതിയിൽ ദോഷം ചെയ്തതായി യോഗത്തിൽ നേതാക്കൾ രൂക്ഷമായ വിമർശനമുന്നയിച്ചു. ജില്ലയിലെ വിമതപ്രശ്നങ്ങളും ഗ്രൂപ്പ് വഴക്കുകളും പരിഹരിക്കുന്നതിൽ നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 67,000 വോട്ടുകളുടെ വൻ കുറവാണ് ഇത്തവണ ജില്ലയിലുണ്ടായത്. വിമതപ്രശ്നങ്ങൾ താൻപോരിമയോടെ കണ്ട് ആളിക്കത്തിച്ചതാണ് കടുത്ത തിരിച്ചടിക്ക് കാരണമായതെന്ന് ഏരിയാ കമ്മിറ്റികളുടെ ഗ്രൂപ്പ് ചർച്ചകളിലും വിമർശനമുയർന്നു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ഇടയാക്കിയ പ്രധാന കാരണങ്ങളും യോഗം അക്കമിട്ട് നിരത്തി. കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ് ചിറ്റൂരിലെ തോൽവിക്ക് വഴിവെച്ചത്. നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടുകൾ കുത്തനെ കുറഞ്ഞു. ശക്തമായ സംഘടനാ അടിത്തറയുണ്ടായിട്ടും കോങ്ങാട് പരാജയപ്പെട്ടത് ഉൾപാർട്ടി തർക്കങ്ങൾ മൂലമാണ്. തൃത്താലയിൽ പ്രാദേശിക വിഭാഗീയതയാണ് തിരിച്ചടിയായത്. ‘ഇത്രയും വലിയ പ്രശ്നങ്ങളുണ്ടായിട്ടും ജില്ലാ നേതൃത്വവും സെക്രട്ടറിയും എന്തുചെയ്തു’ എന്ന ചോദ്യമുയർന്നതോടെയാണ് സുരേഷ് ബാബുവിനെ മാറ്റി വി. ചെന്താമരാക്ഷനെ സെക്രട്ടറിയാക്കാൻ തീരുമാനം കൈക്കൊണ്ടത്



