ന്യൂഡൽഹി: വോട്ടർപട്ടികാ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് അടിച്ചമർത്തൽ. ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. എം.പിമാർക്കൊപ്പം പ്രതിഷേധവുമായി എത്തിയ രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ജന്തർ മന്തറിന് സമീപത്തുവെച്ച് പോലീസ് തടയുകയും ബലമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വോട്ടർപട്ടികാ തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കുന്നുവെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണർ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചാണ് ഇന്ത്യാ മുന്നണി എം.പിമാർ പ്രതിഷേധം തുടരുന്നത്. ഡൽഹിയിലെ റോഡുകളിൽ പോലീസിനെയും കേന്ദ്ര സേനയെയും അണിനിരത്തി ബാരിക്കേഡുകൾ വെച്ച് പ്രതിഷേധം തടയാൻ ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ എം.പിമാർ തടസ്സങ്ങൾ മറികടന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനായി പോലീസ് വാഹനങ്ങൾ സജ്ജമാക്കി നിർത്തിയിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ച പോലീസിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷ ജനപ്രതിനിധികൾ നിലയുറപ്പിച്ചത്. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനുമുള്ള ഈ പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കും വരെ സമരം തുടരുമെന്നും അറസ്റ്റിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി വ്യക്തമാക്കി.



