ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ മൂന്നാം ദിനവും രാജ്യതലസ്ഥാനമായ ഡൽഹി പുകയുന്നു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയ്ക്കെതിരെയും (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചകൾക്കെതിരെയും പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയിലെ പ്രമുഖ എം.പിമാരും കോൺഗ്രസ് പ്രവർത്തകരും രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രാർത്ഥന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശപ്രകാരമാണ് എം.പിമാർ രാജ്ഘട്ടിലേക്ക് തിരിച്ചത്. ആദ്യം സുരക്ഷാ സേനയും ഡൽഹി പോലീസും എം.പിമാരെ തടഞ്ഞുവെച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ പ്രവേശനം അനുവദിക്കുകയായിരുന്നു.
മൂക്കാൽ മണിക്കൂറോളം ഗാന്ധി സമാധിയിൽ ചിലവഴിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്.ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും നല്ല ബുദ്ധി തോന്നാനാണ് ഗാന്ധി സമാധിയിൽ പ്രാർത്ഥന നടത്തുന്നതെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. തങ്ങളുടെ നടപടികൾ രാജ്യതാൽപ്പര്യത്തിന് നിരക്കാത്തതാണെന്ന് ഭരണകൂടം തിരിച്ചറിയാൻ പ്രാർത്ഥിക്കുമെന്നും, വോട്ട് മോഷണം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ജനതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും ജന്തർ മന്തറിലും സമാധാനപരമായി പ്രതിഷേധിച്ച മുന്നൂറോളം എം.പിമാരെ പോലീസ് തടഞ്ഞുവെച്ചതായും ചിലർ അതിക്രമത്തിന് ഇരയായതായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുർജാർ രംഗത്തെത്തി. എസ്.ഐ.ആർ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകാതെ രാജ്യത്ത് അരാജകാന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് സുപ്രീം കോടതിയിലോ ജനങ്ങളിലോ വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് സുപ്രീം കോടതി മുൻ ജഡ്ജിമാർ ഉൾപ്പെടെ 42 മുൻ ന്യായാധിപന്മാർ തുറന്ന കത്തെഴുതി. തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ ഇ.വി.എമ്മിനെയും കമ്മീഷനെയും കുറ്റപ്പെടുത്തുന്നത് ജനാധിപത്യപരമായ ശൈലിയല്ലെന്ന് അവർ കത്തിൽ വ്യക്തമാക്കി.



