ബംഗളൂരു: മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഭർത്താവിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഹുൻസൂർ വിനോബ കോളനിയിൽ താമസിക്കുന്ന രാമപ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പവിത്ര (30), ഇവരുടെ കാമുകൻ സുനിൽ (30) എന്നിവരെ ഹുൻസൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 16-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടക്കുന്നത്. ഭർത്താവിന് രാത്രി തൈര് വിളമ്പിയെന്നും പിറ്റേന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ പ്രതികരണമൊന്നുമില്ലായിരുന്നു എന്നുമാണ് പവിത്ര ആദ്യം പോലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാമപ്രസാദിന്റെ സഹോദരൻ ചന്ദ്രഹാസ് പരാതി നൽകി.
ഹുൻസൂർ റൂറൽ പോലീസ് ഇൻസ്പെക്ടർ സന്തോഷ് കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പവിത്രയും സുനിലും തമ്മിലുള്ള അനധികൃത ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ കൊലപാതകത്തിന്റെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിന് പ്രഭാതഭക്ഷണമായി വിഷക്കായ പൊടിച്ച് കലർത്തിയ ഇഡ്ഡലി നൽകിയതായി പവിത്ര വെളിപ്പെടുത്തി. ഇത് കഴിച്ചതോടെ രാമപ്രസാദ് അതീവ ഗുരുതരാവസ്ഥയിലായി. തുടർന്ന് രാത്രിയോടെ കാമുകൻ സുനിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് രാമപ്രസാദിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.



