കൊല്ലം: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൻ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര പാട് കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജനോട്ടുകൾ അച്ചടിക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രിന്ററും യന്ത്രവും 500 രൂപയുടെ നോട്ട് വ്യാജമായി അച്ചടിക്കാനായി മുറിച്ചെടുത്ത കടലാസ് കെട്ടുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 45 പവന് സ്വര്‍ണാഭരണങ്ങളും 4.32 ലക്ഷം രൂപയുടെ സ്വര്‍ണവാച്ച് ഉള്‍പ്പെടെയുള്ള വിലകൂടിയ വാച്ചുകളും പോലീസ് കണ്ടെടുത്തു. സിബിയോണിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും കാണിച്ച് ഇക്കഴിഞ്ഞ 17-ാം തീയതി ഭാര്യ കൊല്ലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അവസാനം ഫോൺ ചെയ്ത മയ്യനാട് കൂട്ടിക്കട സ്വദേശി ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പിറ്റേദിവസം സ്റ്റേഷനിലെത്തിയ സിബിയോണ്‍, തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് താൻ രക്ഷപ്പെട്ടെന്നും അവർ തട്ടിയെടുത്ത തന്റെ സ്വര്‍ണമോതിരവും സ്കൂട്ടറും തിരികെ ലഭിച്ചുവെന്നും മൊഴി നൽകി.
സിബിയോണിന്റെ പെരുമാറ്റത്തിലും മൊഴിയിലും അസ്വാഭാവികത തോന്നിയ സ്പെഷ്യൽ ബ്രാഞ്ച് സംഘം നടത്തിയ വിശദമായ അന്വേഷണമാണ് കള്ളനോട്ട് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. തുടർന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയോടെ സിബിയോണിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ വൻ കള്ളനോട്ട് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത സിബിയോാനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.



