തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ വകുപ്പ് കോടികൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ജീവൻരക്ഷാ ഉപകരണങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിഷയത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സമഗ്ര അന്വേഷണത്തിന് ശിപാർശ ചെയ്തതായി ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നിയമസഭയിൽ അബിൻ വർക്കി എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ആരോഗ്യ വകുപ്പിലെ ഗുരുതരമായ ക്രമക്കേടിന്റെ വിവരങ്ങൾ മന്ത്രി വെളിപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് വാങ്ങിയ 222 ഫണ്ടസ് ക്യാമറയിൽ ഘടിപ്പിച്ച ഐ ഫോണുകൾ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ കാണാനില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. വാങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും പരിശോധിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി നടത്തിയ പരിശോധനയിലാണ് കോടികളുടെ പൊതുപണം ദുരുപയോഗം ചെയ്തതായി തെളിഞ്ഞത്.
മുൻ സർക്കാർ കോടികൾ മുടക്കി വാങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിക്കാതെ ഗോഡൗണുകളിൽ നശിച്ചുകിടക്കുകയാണെന്ന് അബിൻ വർക്കി എം.എൽ.എ സഭയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 215 ആശുപത്രികളിലായി 1,252-ഓളം ഉപകരണങ്ങളാണ് നിലവിൽ ഉപയോഗിക്കാതെ കിടക്കുന്നത്. ഇതിൽ 222 ഉപകരണങ്ങൾ ഇതുവരെ തുറന്നുപോലും നോക്കിയിട്ടില്ല. 5,000 കോടി രൂപയിലധികം ചെലവഴിച്ച് വാങ്ങിയതിൽ 1,500 കോടി രൂപയുടെ ഉപകരണങ്ങൾ പൂർണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നും നൂറുകണക്കിന് വെന്റിലേറ്ററുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെയാണ് സംഭവത്തിൽ ഉയർന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്.



